യെമനില്‍ കരയുദ്ധത്തിന് യുഎസുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്ന് യുഎഇയും സൗദിയും

Update: 2025-04-19 02:24 GMT

ദുബൈ: യെമനില്‍ കരയുദ്ധം നടത്താന്‍ യുഎസുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്ന് യുഇയും സൗദി അറേബ്യയും അറിയിച്ചു. യുഎസില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന വാള്‍ സ്ട്രീറ്റ് ജേണല്‍ എന്ന പ്രശസ്ത മാധ്യമത്തില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് യുഎഇയിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിലെ റിപോര്‍ട്ട് പറയുന്നു. വാര്‍ത്ത തെറ്റാണെന്ന് സൗദിയിലെ ഉന്നത ഉദ്യോഗസ്ഥനും റോയിട്ടേഴ്‌സിനോട് പറഞ്ഞു.

യെമനില്‍ യുഎസ് വ്യോമാക്രമണം നടത്തുന്നതിന്റെ മറവില്‍ ഹൂത്തികളെ പരാജയപ്പെടുത്താന്‍ യെമനിലെ ചില വിഭാഗങ്ങള്‍ യുഎഇയുമായി ചേര്‍ന്ന് കരയുദ്ധത്തിന് ശ്രമം നടത്തുന്നതായാണ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് ചെയ്തത്. ഇതിനായി, യുഎഇ അധികൃതര്‍ യുഎസുമായി ചര്‍ച്ച നടത്തിയെന്നും റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഹൂത്തികളെ ആക്രമിക്കാന്‍ യുഎസുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നാണ് യെമനിലെ ഔദ്യോഗിക സര്‍ക്കാര്‍ പ്രതിനിധി ബ്ലൂംബര്‍ഗ് എന്ന മാധ്യമത്തോട് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.

ഹൂത്തികള്‍ക്കെതിരെ 2015ല്‍ സൗദിസര്‍ക്കാരിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അധിനിവേശത്തില്‍ യുഎഇ പങ്കാളിയായിരുന്നു. 2019ല്‍ അവര്‍ പിന്‍മാറി.