ദോഹ: ഖത്തറില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്ന് യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്‌യാന്‍ ദോഹയില്‍ എത്തി. വിമാനത്താവളത്തില്‍ ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ താനി അദ്ദേഹത്തെ സ്വീകരിച്ചു. സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്ന് യുഎഇ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇസ്രായേലി ആക്രമണത്തെ ഖത്തറിലെ ഷൂറാ കൗണ്‍സില്‍ അപലപിച്ചു. ഖത്തറിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും നേരെയുള്ള ആക്രമണമാണ് നടന്നത്. ആവര്‍ത്തിച്ചുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഇസ്രായേലിനെ ശിക്ഷിക്കാത്തത് അന്താരാഷ്ട്ര സമൂഹത്തിന്റെ പരാജയമാണ്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇസ്രായേല്‍ ഗസയില്‍ വംശഹത്യ നടത്തുന്നു. ആക്രമണം പശ്ചിമേഷ്യക്കുള്ള സന്ദേശമാണെന്ന ഇസ്രായേലി നെസെറ്റ് സ്പീക്കറുടെ പ്രസ്താവന പ്രശ്‌നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതായും ഷൂറാ കൗണ്‍സില്‍ പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിച്ച് ഇന്നലെയാണ് ഇസ്രായേല്‍ ദോഹയില്‍ വ്യോമാക്രമണം നടത്തിയത്. ഗസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ച ചെയ്യാനുള്ള ഹമാസ് മധ്യസ്ഥ സംഘത്തെയാണ് ഇസ്രായേല്‍ ആക്രമിച്ചത്. പക്ഷേ, ഹമാസ് മധ്യസ്ഥ സംഘം ആക്രമണത്തെ അതിജീവിച്ചു.