ഇന്ത്യന്‍ മഹാസമുദ്രത്തിലെ സൊകോട്ര ദ്വീപുകള്‍ മുതല്‍ സൊമാലിയ, യെമന്‍ തീരങ്ങള്‍ വരെയുള്ള പ്രദേശങ്ങളില്‍ യുഎഇ, സൈനികതാവളങ്ങളുടെ ശൃംഖല നിര്‍മിച്ചതായി റിപോര്‍ട്ട്. 2023 ഒക്ടോബര്‍ ഏഴിന് ഫലസ്തീനികള്‍ സയണിസ്റ്റുകള്‍ക്കെതിരേ നടത്തിയ തൂഫാനുല്‍ അഖ്സ ഓപ്പറേഷന് ശേഷം നിര്‍മാണങ്ങളുടെ വേഗത അതിവേഗം വര്‍ധിച്ചതായി മിഡില്‍ ഈസ്റ്റ് ഐ റിപോര്‍ട്ട് ചെയ്യുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതകളിലൊന്നിനും പരിസരത്തുമാണ് താവളങ്ങളെല്ലാം സ്ഥാപിച്ചിരിക്കുന്നത്.
ഇസ്രായേലും യുഎസും ഉള്‍പ്പെടെയുള്ള യുഎഇയുടെ സഖ്യകക്ഷികള്‍ താവളങ്ങള്‍ സൃഷ്ടിക്കുന്നതിലും വികസിപ്പിക്കുന്നതിലും പങ്കാളികളാണ്. പല താവളങ്ങളിലും ഇസ്രായേലി സൈനിക ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചിട്ടുണ്ട്. അവരുടെ സഹകരണത്തോടെ സ്ഥാപിച്ച റഡാറുകളും മറ്റും ഉപയോഗിച്ചാണ് യെമനിലെ അന്‍സാറുല്ലയുടെ പ്രവര്‍ത്തനങ്ങള്‍ യുഎഇ നിരീക്ഷിക്കുന്നത്. മൈക്രോസോഫ്റ്റ് കമ്പനിയും ഇസ്രായേലി നാഷണല്‍ സൈബര്‍ ഡയറക്ടറേറ്റും യുഎഇ സൈബര്‍ കൗണ്‍സിലും സംയുക്തമായി നിര്‍മിച്ച ക്രിസ്റ്റല്‍ ബോള്‍ എന്ന ഇന്റലിജന്‍സ് സംവിധാനത്തിലൂടെയാണ് വിവരങ്ങള്‍ പങ്കുവയ്ക്കുന്നത്.
ഔപചാരികമായി നയതന്ത്ര ബന്ധം സ്ഥാപിക്കപ്പെടുന്നതിന് മുമ്പുതന്നെ യുഎഇയും ഇസ്രായേലും തമ്മിലുള്ള ബന്ധം ശക്തമായിരുന്നുവെന്നും പക്ഷേ അത് പുറത്തുകാണിച്ചില്ലെന്നും നാല് ഇസ്രായേലി വിദേശകാര്യ മന്ത്രിമാരുടെ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ച നയതന്ത്രജ്ഞനായ അലോണ്‍ പിങ്കാസ് പറയുന്നു.
യുഎഇ സര്‍ക്കാരിന്റെ സ്വന്തം ഭൂമിയില്‍ അല്ല ഈ താവളങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പകരം, യെമന്റെ സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ (എസ്ടിസി), യെമന്‍ മിലിട്ടറി കമാന്‍ഡര്‍ താരിഖ് സാലിഹ് എന്നിവരുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങള്‍, യുഎഇയുമായി വിയോജിപ്പുള്ള സൊമാലിയയുടെ ഭാഗമായ സൊമാലിലാന്‍ഡ്, പന്ത്ലാന്‍ഡ് എന്നിവിടങ്ങളിലുമാണ് സ്ഥാപിച്ചിരിക്കുന്നത്. സൊമാലിലാന്‍ഡ്, പന്ത്ലാന്‍ഡ് എന്നിവര്‍ സൊമാലിയയില്‍ നിന്നും വിട്ടുപോണമെന്ന് ആഗ്രഹിക്കുന്നവരാണ്.
യെമന്റെ സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ കൈവശം വച്ചിരിക്കുന്ന സൊകോട്ര ദ്വീപ് സമൂഹങ്ങളുടെ ഭാഗമായ അബ്ദ് അല്‍ കുരിയ ദ്വീപിലും സംഹാ ദ്വീപിലും സൈനികതാവളങ്ങള്‍ നിര്‍മിച്ചു കഴിഞ്ഞു. പന്ത്ലാന്റിലെ ബൊസോസെ വിമാനത്താവളത്തിലും സൊമാലിലാന്‍ഡിലെ ബെര്‍ബെറ വിമാനത്താവളങ്ങളിലും ലോകത്തിലെ പെട്രോളിയം നീക്കത്തിന്റെ 30 ശതമാനം നടക്കുന്ന സമുദ്രപാതയുടെ അടുത്തുള്ള ബാബ് അല്‍ മന്ദെബ് കടലിടുക്കിലെ അഗ്‌നിപര്‍വത ദ്വീപായ മയൂണിലും യെമനിലെ മുഖയിലും സൈനികതാവളങ്ങള്‍ സ്ഥാപിച്ചു കഴിഞ്ഞു.
ഈ സുപ്രധാന ജലഗതാഗതപാതയില്‍ യുഎഇക്കും സഖ്യരാജ്യങ്ങള്‍ക്കും നിയന്ത്രണം സുഗമമാക്കുന്ന താവളങ്ങളുടെ ശൃംഖല ഇസ്രായേലി സഹായത്തോടെയാണ് നിര്‍മിച്ചതെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്. ആഗോള ഷിപ്പിംഗ് ഗതാഗതം നിയന്ത്രിക്കാനും പ്രദേശത്തെ അന്‍സാറുല്ല അല്ലെങ്കില്‍ ഇറാന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും താവളങ്ങള്‍ യുഎഇക്കും സഖ്യകക്ഷികള്‍ക്കും നിര്‍ണായകമാണെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ പറയുന്നു. അതിനൊപ്പം, സുഡാനിലെ ആഭ്യന്തര യുദ്ധത്തില്‍ കക്ഷിയായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സിന് പിന്തുണ നല്‍കാനും ബൊസാസോ, ബെര്‍ബെറ താവളങ്ങളെ യുഎഇ ഉപയോഗിക്കുന്നു.
ജനറല്‍ ഖലീഫ ഹഫ്താര്‍ ഭരിക്കുന്ന തെക്കുകിഴക്കന്‍ ലിബിയ, ചാഡ്, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്, ഉഗാണ്ട, എത്യോപ്യ, കെനിയ എന്നീ പ്രദേശങ്ങളിലും രാജ്യങ്ങളിലും സൈനിക ഔട്ട്പോസ്റ്റുകള്‍ സ്ഥാപിച്ചത് പോലെ തന്നെയാണ് ചെങ്കടലിലും ഏദന്‍ ഉള്‍ക്കടല്‍ പ്രദേശത്തും യുഎഇ പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍, സൊകോട്ര ദ്വീപിലെ ഏതൊരു സാന്നിധ്യവും യെമന്‍ സര്‍ക്കാരുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും സഹകരിച്ച് നടത്തുന്ന മാനുഷിക പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണെന്നാണ് യുഎഇ അവകാശപ്പെടുന്നത്. എന്നാല്‍, യുഎഇയുടെ വിദേശനയത്തില്‍ യെമന് പ്രത്യേക പരിഗണനയുണ്ട്. യെമന്‍ തലസ്ഥാനമായ സന്‍ആ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്‍സാറുല്ല നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ വിവിധ അറബ് രാജ്യങ്ങള്‍ നടത്തിയ യുദ്ധത്തില്‍ സൗദി അറേബ്യക്കൊപ്പം യുഎഇ നേതൃത്വപരമായ പങ്കുവഹിച്ചു. അങ്ങനെയാണ്, സുഡാനില്‍ നിന്നും ആര്‍എസ്എഫില്‍ നിന്നുള്ള സുഡാനീസ് പോരാളികള്‍ യുഎഇ-സൗദി സഖ്യത്തില്‍ ചേരാന്‍ യെമനിലേക്ക് പോയത്.
2015 നവംബറില്‍, ചപാല ചുഴലിക്കാറ്റ് യെമനിലും പരിസര പ്രദേശങ്ങളിലും നാശം വിതച്ചു. അപ്പോഴാണ് യുഎഇ, ദ്വീപിലേക്ക് സൈനികരെ വിന്യസിച്ചത്. ചരിത്രത്തിലെ വ്യത്യസ്ത ഘട്ടങ്ങളില്‍ ബ്രിട്ടീഷുകാരും പോര്‍ച്ചുഗീസുകാരും കൈവശപ്പെടുത്തിയിരുന്ന, യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ സൊകോട്ര തുടക്കത്തില്‍ യുഎഇയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ സ്വാഗതം ചെയ്തു. എന്നാല്‍, അതിന് ശേഷം അവര്‍ സൈനിക, രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.
സൊകോട്രയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഉയര്‍ന്ന പാറക്കെട്ടുകളുള്ള അബ്ദ് അല്‍ കുരി ദ്വീപില്‍ ഏകദേശം 500 പേര്‍ താമസിക്കുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് ബാബ് അല്‍-മന്ദെബ് കടലിടുക്കിലേക്കുള്ള കപ്പല്‍ പാതയില്‍ സ്ഥിതി ചെയ്യുന്ന അബ്ദ് അല്‍-കുരി, തെക്കുകിഴക്കന്‍ മേഖലയില്‍ നിന്ന് വരുന്ന കപ്പലുകളുടെ ആദ്യകാല നിരീക്ഷണ കേന്ദ്രമാണ്. എന്നാല്‍, ഇത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇത് തന്ത്രപ്രധാനമായ സൈനിക കേന്ദ്രമായി രൂപാന്തരപ്പെട്ടു.
2020 ആഗസ്റ്റ് അവസാനം, യുഎസ് സ്പോണ്‍സര്‍ ചെയ്ത എബ്രഹാം കരാറുകളുടെ ഭാഗമായി ഇസ്രായേലും യുഎഇയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിന് തൊട്ടുമുമ്പ്, ഇരു രാജ്യങ്ങളിലെയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ദ്വീപിലെത്തി. 2021 ഫെബ്രുവരിയില്‍, യുഎഇയുടെ വിമാനങ്ങളില്‍ ഡസന്‍ കണക്കിന് ഇസ്രായേലി ഉദ്യോഗസ്ഥരും സൈനികരും സൊകോട്രയില്‍ എത്തിയതായി പ്രാദേശിക സ്രോതസ്സുകളും രണ്ട് പ്രാദേശിക നയതന്ത്രജ്ഞരും പറയുന്നു.
2021 നവംബറില്‍, യുഎസ് നാവിക സേനയുടെ സെന്‍ട്രല്‍ കമാന്‍ഡ് ബഹ്‌റൈന്‍, യുഎഇ, ഇസ്രായേല്‍ എന്നിവയ്‌ക്കൊപ്പം ചെങ്കടലില്‍ ഒരു സമുദ്രാഭ്യാസം നടത്തി. എബ്രഹാം കരാറില്‍ ഒപ്പുവച്ചവര്‍ തമ്മിലുള്ള ആദ്യത്തെ പരസ്യമായ സൈനികാഭ്യാസമായിരുന്നു അത്.
പിന്നീട്, യുഎഇ വ്യോമസേനയ്ക്ക് പ്രതിരോധ സംവിധാനങ്ങള്‍ നല്‍കുമെന്ന് ഇസ്രായേലി ആയുധ കമ്പനിയായ എല്‍ബിറ്റ് സിസ്റ്റംസ് പ്രഖ്യാപിച്ചു. തുടര്‍ന്ന് യുഎഇയില്‍ അവര്‍ മുന്‍കൂര്‍ അറിയിപ്പ് റഡാര്‍ സംവിധാനങ്ങള്‍ സ്ഥാപിച്ചു. നിരീക്ഷണം, മൈന്‍ കണ്ടെത്തല്‍ എന്നിവയ്ക്ക് പ്രാപ്തിയുള്ള സംയുക്തമായി സൃഷ്ടിച്ച ആളില്ലാ നാവിക കപ്പല്‍ 2023 ഫെബ്രുവരിയില്‍ ഇരു രാജ്യങ്ങളും അനാച്ഛാദനം ചെയ്തു.
2023 ഒക്ടോബര്‍ മുതല്‍, അബ്ദ് അല്‍ കുരി ദ്വീപില്‍ പുതിയ എയര്‍സ്ട്രിപ്പ് നിര്‍മ്മിച്ചു. അവിടെ മണല്‍ക്കൂമ്പാരങ്ങളില്‍ ഐ ലവ് യുഎഇ എന്നെഴുതിയ ചിത്രം അസോഷ്യേറ്റ് പ്രസ് പ്രസിദ്ധീകരിക്കുകയുമുണ്ടായി. അമേരിക്കന്‍ സി130 ഹെര്‍ക്കുലീസ്, റഷ്യന്‍ ഐഎല്‍ 76 ഹെവി ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങള്‍, ഇസ്രായേലി ഹെര്‍മിസ് ഡ്രോണുകള്‍ എന്നിവയുള്‍പ്പെടെ ഇടത്തരം മുതല്‍ ഹെവി സൈനിക ചരക്ക് വിമാനങ്ങളെ സ്വീകരിക്കാന്‍ റണ്‍വേ ഇപ്പോള്‍ പ്രാപ്തമാണ്.
അബ്ദ് അല്‍ കുരിയില്‍ പണി നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ സംഹ ദ്വീപിലും നിര്‍മാണം പുരോഗമിക്കുകയായിരുന്നു. 2024ല്‍ തുടങ്ങിയ നിര്‍മാണം 2025 ഏപ്രിലില്‍ പൂര്‍ത്തിയായി.
പാറക്കെട്ടുകളും പര്‍വതങ്ങളും നിറഞ്ഞ സംഹയില്‍ വലിയ റണ്‍വേ നിര്‍മിക്കല്‍ അപ്രായോഗികമാണ്. അതിനാല്‍, ഹെര്‍മിസ് ഡ്രോണുകള്‍ക്ക് ഇറങ്ങാന്‍ കഴിയുന്ന സംവിധാനമാണ് തയ്യാറാക്കിയത്. ആഗോള വ്യാപാരത്തിന്റെ 12 ശതമാനവും കടന്നുപോകുന്ന ഏദന്‍ ഉള്‍ക്കടലിനും അറേബ്യന്‍ കടലിനും ഇടയിലുള്ള സമുദ്ര പാത നിരീക്ഷിക്കുന്നതിന് ഈ ദ്വീപിന്റെ സ്ഥാനം അനുയോജ്യമാണ്.
അബ്ദ് അല്‍ കുരി, സംഹ, സൊകോട്ര താവളങ്ങള്‍ പ്രധാനമാണെങ്കിലും ബാബ് അല്‍-മന്ദെബ് കടലിടുക്കിലെ അഗ്നിപര്‍വ്വത ദ്വീപായ മയൂണിന് തന്ത്രപരമായ പ്രാധാന്യം കൂടുതലാണ്. മയൂണ്‍ ദ്വീപ് പെരിം ദ്വീപ് എന്നും അറിയപ്പെടുന്നു. വലിയ പാറക്കെട്ടുകളും കടലും മൂലം 'കണ്ണീരിന്റെ കവാടം' എന്നറിയപ്പെടുന്ന ബാബ് അല്‍-മന്ദെബ്, ഹോണ്‍ ഓഫ് ആഫ്രിക്കക്കും അറേബ്യന്‍ ഉപദ്വീപിന്റെ തെക്കേ അറ്റത്തിനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു വശത്ത് യെമനും മറുവശത്ത് പാശ്ചാത്യ സൈനികര്‍ താമസിക്കുന്ന എറിത്രിയ, ജിബൂട്ടി എന്നീ രാജ്യങ്ങളുമാണ്.
പെട്രോളിയം ഗതാഗതം, ചരക്കുഗതാഗതം എന്നിവയില്‍ നിര്‍ണായകമാണ് ഈ പ്രദേശം. ഗസയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് യെമനിലെ അന്‍സാറുല്ല 2023 നവംബറില്‍ പ്രഖ്യാപിച്ച കടല്‍ ഉപരോധം ചരക്കുഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. 2025 മെയ് മാസത്തില്‍ യുഎസും അന്‍സാറുല്ലയും തമ്മില്‍ ഒപ്പിട്ട കരാര്‍ പ്രകാരം ഇസ്രായേലി കപ്പലുകള്‍ക്ക് മാത്രമേ ഉപരോധം ബാധകമായിട്ടുള്ളൂ. 2023 നവംബറിന് മുമ്പ് 72-75 കപ്പലുകള്‍ ഒരു ദിവസം ഈ പ്രദേശത്ത് കൂടെ കടന്നുപോവുമായിരുന്നു. ഇപ്പോള്‍ വളരെ കുറവ് മാത്രം കപ്പലുകളാണ് അതിലെ പോവുന്നത്.
1869ല്‍ സൂയസ് കനാല്‍ തുറക്കുന്നതിന് മുമ്പുതന്നെ തന്ത്രപരമായി പ്രധാനമായിരുന്നു മയൂണ്‍ ദ്വീപ്. 1799-ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ദ്വീപ് പിടിച്ചെടുത്തു, പിന്നീട് 1858ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഏറ്റെടുത്തു. 1967 വരെ ബ്രിട്ടീഷ് സര്‍ക്കാര്‍ ദ്വീപ് കൈകാര്യം ചെയ്തു. ഈ ദ്വീപില്‍ നിഗൂഢമായ വ്യോമതാവളം നിര്‍മിക്കുന്നവെന്ന റിപോര്‍ട്ട് 2021ല്‍ പുറത്തുവന്നെങ്കിലും ആരും ഉത്തരവാദിത്തം ഏറ്റെടുത്തില്ല. ഈ ദ്വീപിനെ നിയന്ത്രിക്കുന്നവര്‍ക്ക് ബാബ് അല്‍ മന്ദെബ് കടലിടുക്കില്‍ ശക്തി കാണിക്കാനും യെമനില്‍ വ്യോമാക്രണം നടത്താനും സാധിക്കുമെന്നതാണ് പ്രാധാന്യം. കൂടാതെ, ചെങ്കടല്‍, ഏദന്‍ ഉള്‍ക്കടല്‍, കിഴക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും കഴിയും. ഡ്രോണുകളും രഹസ്യാന്വേഷണ വിമാനങ്ങളും നിര്‍ത്തിയിടാനായി ബേസില്‍ വലിയ ഹാംഗറുകളുണ്ട്. ഡസന്‍ കണക്കിന് സൈനിക, സാങ്കേതിക ഉദ്യോഗസ്ഥരെ വിന്യസിക്കാന്‍ അനുവദിക്കുന്ന റെസിഡന്‍ഷ്യല്‍ സൗകര്യങ്ങളും അവിടെ ഒരുക്കിയിരിക്കുന്നു.
സൊമാലിയയിലെ പന്ത്ലാന്‍ഡ്, സൊമാലിലാന്‍ഡ് മേഖലകളിലെ തുറമുഖങ്ങളായ ബൊസാസോ, ബെര്‍ബെറ എന്നിവിടങ്ങളിലെ യുഎഇയുടെ സൈനിക സാന്നിധ്യം ഈ ദ്വീപുകളുമായും ബന്ധപ്പെട്ടിരിക്കുന്നു. ഈ രണ്ട് പ്രദേശങ്ങളുടെയും ഉപയോഗം യുഎഇയെ സൊമാലിയയിലെ ഹസ്സന്‍ ഷെയ്ഖ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ശത്രുവാക്കി. ഹോണ്‍ ഓഫ് ആഫ്രിക്കയിലെ യുഎയുടെ ആധിപത്യ അഭിലാഷമാണ് ശത്രുതക്ക് കാരണമെന്ന് ആഫ്രിക്ക കോണ്‍ഫിഡന്‍ഷ്യല്‍ സെപ്റ്റംബറില്‍ റിപോര്‍ട്ട് ചെയ്തു.
ആയിരത്തിലധികം ഡ്രോണുകള്‍, വിമാനങ്ങള്‍, മിസൈലുകള്‍ അല്ലെങ്കില്‍ പീരങ്കികള്‍ എന്നിവ ട്രാക്ക് ചെയ്യാന്‍ കഴിയുന്ന 400 കിലോമീറ്റര്‍ പരിധിയുള്ള ഫ്രഞ്ച്-ഇസ്രായേലി റഡാര്‍ സിസ്റ്റങ്ങളാണ് ബൊസാസോയിലും ബെര്‍ബറയിലും സ്ഥാപിച്ചിരിക്കുന്നത്. ഏദന്‍ ഉള്‍ക്കടലും ചെങ്കടലിലേക്കുള്ള പ്രവേശന കവാടവും നിരീക്ഷണത്തിലാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
സൊമാലിയയില്‍ നിന്നും വിട്ടുപോവാന്‍ ആഗ്രഹിക്കുന്ന സൊമാലിലാന്‍ഡിലെ വിമതരുമായി 2017 മുതല്‍ യുഎഇക്ക് ബന്ധമുണ്ട്. ആ പിന്തുണയുടെ ഭാഗമായാണ് ബെര്‍ബെറയില്‍ സൈനികതാവളം സ്ഥാപിക്കാന്‍ സൊമാലിലാന്‍ഡിലെ വിമത സര്‍ക്കാര്‍ യുഎഇയെ അനുവദിച്ചത്. ബെര്‍ബെറ താവളത്തിലെ റണ്‍വേ നാലുകിലോമീറ്റര്‍ നീളമുള്ളതാണ്, അതായത് വലിയ വിമാനങ്ങള്‍ക്കും യുദ്ധവിമാനങ്ങള്‍ക്കും ലാന്‍ഡ് ചെയ്യാന്‍ കഴിയും.
പ്രാദേശിക സ്ഥിരത, തീവ്രവാദ വിരുദ്ധത, ആന്റി റാഡിക്കലൈസേഷന്‍ എന്നിവയുള്‍പ്പെടെയുള്ള താല്‍പ്പര്യങ്ങളുടെ അടിത്തറയിലാണ് യുഎഇയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ സഹകരണം കെട്ടിപ്പടുത്തിരിക്കുന്നതെന്ന് ഇസ്രായേലി നയതന്ത്രജ്ഞനായ അലോണ്‍ പിങ്കാസ് പറയുന്നു. ഗസയിലെ ഇസ്രായേലിന്റെ അധിനിവേശം, ലബ്നാന്‍, ഇറാന്‍, സിറിയ, യെമന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ക്കെതിരായ ഇസ്രായേലി ആക്രമണങ്ങളും ഈ ബന്ധത്തെ കാര്യമായി ബാധിച്ചില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാലും ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അടുത്തകാലത്തെ പ്രവൃത്തികള്‍ ബന്ധത്തില്‍ ചില പ്രശ്നങ്ങളുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഗസ വിഷയത്തില്‍ യുഎഇ ഇസ്രായേലിനെ വിമര്‍ശിക്കുന്നു, എന്നാല്‍, അവരുമായി നയതന്ത്ര ബന്ധം തുടരുന്നു, അതേസമയം തന്നെ ഏദന്‍ ഉള്‍ക്കടലിലും ചെങ്കടലിലും യോജിച്ച് പ്രവര്‍ത്തിക്കുന്നുവെന്നാണ് മിഡില്‍ ഈസ്റ്റ് ഐയിലെ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

