പെപ്‌സി ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട എഞ്ചിനീയറെ യുഎഇ പുറത്താക്കി

Update: 2025-11-11 12:34 GMT

അബൂദബി: അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ പെപ്‌സികോയുടെ പെപ്‌സി എന്ന ശീതളപാനീയം ബഹിഷ്‌കരിക്കുകയാണെന്ന് പറഞ്ഞ എഞ്ചിനീയറെ യുഎഇ നാടുകടത്തി. പെപ്‌സി ഇസ്രായേലി അനുകൂല ഉല്‍പ്പന്നമാണെന്നും ബഹിഷ്‌കരിക്കുകയാണെന്നും പറഞ്ഞ ഫലസ്തീനിയായ എഞ്ചിനീയറെയാണ് നാടുകടത്തിയത്. കഴിഞ്ഞ 20 വര്‍ഷമായി യുഎഇയില്‍ ജോലിയെടുക്കുന്ന, എസ് എം എന്ന പേരില്‍ അറിയപ്പെടുന്ന ടെലികോം എഞ്ചിനീയറെയാണ് പുറത്താക്കിയത്.

അബൂദബിയില്‍ നടന്ന ഒരു ജന്മദിന പാര്‍ട്ടിയില്‍ പെപ്‌സി വിതരണം ചെയ്തിരുന്നു. എന്നാല്‍, താന്‍ പെപ്‌സി കുടിക്കില്ലെന്നും ബഹിഷ്‌കരിക്കണമെന്നും എസ് എം പറയുകയുണ്ടായി. രണ്ടു ദിവസത്തിന് ശേഷം അബൂദബിയിലെ രഹസ്യാന്വേഷണ വിഭാഗം എഞ്ചിനീയറെ വിളിച്ചുവരുത്തി. എത്രയും വേഗം നാടുവിട്ടു പോവണമെന്നായിരുന്നു ആവശ്യം. തുടര്‍ന്ന് സ്വന്തമായി നടത്തിയിരുന്ന ബിസിനസ് അടക്കം പൂട്ടി കുട്ടികളുമായി ഫലസ്തീനി നാടുവിടേണ്ടി വന്നു. താല്‍ക്കാലിക പാസ്‌പോര്‍ട്ടില്‍ ജോര്‍ദാനിലേക്കാണ് എഞ്ചിനീയര്‍ പോയത്.

അടുത്തിടെ നടന്ന അബൂദബി കോമഡി ഫെസ്റ്റിവലില്‍ കഫിയ ധരിച്ചവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. പരിപാടിയില്‍ ഫ്രീ ഫലസ്തീന്‍ എന്ന് മുദ്രാവാക്യം വിളിച്ച ഒരു സ്ത്രീയെയും നാടുകടത്തി. ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുന്ന ചടങ്ങില്‍ കഫിയ ധരിച്ച് ഫ്രീ ഫലസ്തീന്‍ മുദ്രാവാക്യം വിളിച്ച യുവാവിനെ രാജ്യത്ത് നിന്ന് പുറത്താക്കിയതായി 2024 ജൂലൈ പത്തിന് അസോസിയേറ്റ് പ്രസും റിപോര്‍ട്ട് ചെയ്തു. ഗസയിലെ ഇസ്രായേലി ആക്രമണത്തില്‍ കൊല്ലപ്പെട്ട ബന്ധുവായ മാധ്യമപ്രവര്‍ത്തകന് ആദരാജ്ഞലി അര്‍പ്പിച്ച ഒരു സ്ത്രീയെ ദുബൈ അധികൃതരും പുറത്താക്കിയിരുന്നു. ഫലസ്തീനി അനുകൂലികളെ കണ്ടുപിടിച്ച് നല്‍കണമെന്ന ആവശ്യം തള്ളിയ ഒരു അറബ് അധ്യാപികയേയും അബൂദബിയില്‍ നിന്നും പുറത്താക്കിയിരുന്നു.