മുസ്‌ലിം യുവാവിനെ കുത്തിക്കൊന്ന രണ്ടു കൗമാരക്കാര്‍ കുറ്റക്കാര്‍: വിദ്വേഷ കുറ്റമെന്ന് യുകെ കോടതി
ലണ്ടന്‍: മുസ്‌ലിം യുവാവിനെ കുത്തിക്കൊന്ന കേസില്‍ രണ്ടു കൗമാരക്കാര്‍ കുറ്റക്കാരാണെന്ന് കാര്‍ഡിഫ് കോടതി കണ്ടെത്തി. സൗത്ത് വെയില്‍സിലെ ബാരി റോഡ് പ്രദേശത്ത് 38കാരനായ കമ്രാന്‍ റസൂലിനെ കുത്തിക്കൊന്ന കേസിലെ പ്രതികളായ 16,18 വയസുകാരാണ് കുറ്റക്കാര്‍. പ്രതികള്‍ക്കുള്ള ശിക്ഷ ജനുവരി 20ന് വിധിക്കും. ജൂണ്‍ 30നാണ് കേസിനാസ്പദമായ സംഭവം.
ബാരി റോഡില്‍ കാറില്‍ ഇരിക്കുകയായിരുന്ന കമ്രാന്‍ റസൂലിനെ 16കാരനായ പ്രതിയാണ് ആദ്യം ആക്രമിച്ചത്. ചര്‍മത്തിന്റെ നിറം നോക്കിയുള്ള വംശീയ ആക്രമണമായിരുന്നു ഇത്. പിന്നീട് പതിനേഴുകാരന്‍ കൂടി എത്തി. കത്തി കൊണ്ട് നെഞ്ചില്‍ കുത്തിയതാണ് മരണത്തിന് കാരണമായത്. കുത്തിയതിന് ശേഷം വംശീയ വിദ്വേഷങ്ങള്‍ അടങ്ങിയ മുദ്രാവാക്യങ്ങളും പ്രതികള്‍ വിളിച്ചു. ഇതിന്റെ വീഡിയോദൃശ്യങ്ങള്‍ വിചാരണയില്‍ നിര്‍ണായകമായി. കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്താന്‍ 12 പേരടങ്ങിയ ജൂറിക്ക് ഏഴു മണിക്കൂര്‍ സമയം മാത്രമാണ് വേണ്ടി വന്നത്.