ഇറാനില്‍ രണ്ട് സുപ്രിംകോടതി ജഡ്ജിമാര്‍ വെടിയേറ്റു കൊല്ലപ്പെട്ടു; കൊലയാളി ആത്മഹത്യ ചെയ്തു

Update: 2025-01-18 13:27 GMT

തെഹ്‌റാന്‍: ഇറാന്‍ സുപ്രിംകോടതിയിലെ രണ്ടു ജഡ്ജിമാരെ വെടിവെച്ചു കൊന്നു. അലി റാസിനി, മുഹമ്മദ് മൊഖിസേ എന്നിവരാണ് മരിച്ചിരിക്കുന്നത്. ഇവരെ വെടിവെച്ച അക്രമിയെ പിന്നീട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തോക്കുമായി കോടതിയില്‍ എത്തിയ അക്രമി വളരെ സീനിയറായ രണ്ടു ജഡ്ജിമാരെ വെടിവെച്ചു കൊന്നതായി കോടതി വക്താവ് അഷ്ഗര്‍ ജഹാംഗീര്‍ അറിയിച്ചു. ജഡ്ജിമാരുടെ അംഗരക്ഷകര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ദേശീയ സുരക്ഷ, ഭീകരവാദം, ചാരവൃത്തി തുടങ്ങിയ കേസുകളില്‍ വാദം കേള്‍ക്കുന്നവരായിരുന്നു രണ്ടു ജഡ്ജിമാരും. അക്രമിയെ തിരിച്ചറിഞ്ഞെന്നും ഇയാള്‍ക്കെതിരേ മുമ്പ് കേസുകള്‍ ഒന്നുമില്ലെന്നും പോലിസ് അറിയിച്ചു.

ഇറാനിലെ ജഡ്ജിമാര്‍ക്കെതിരേ യുഎസും ഇസ്രായേലും നിരന്തരം ആക്രമണം നടത്തുന്നതായി കഴിഞ്ഞ വര്‍ഷം ഇറാന്‍ കണ്ടെത്തിയിരുന്നു. ഇന്ന് കൊല്ലപ്പെട്ട അലി റാസിനിയെ കൊല്ലാന്‍ 1998ല്‍ ശ്രമം നടന്നിരുന്നു. അലി റാസിനിയുടെ കാറില്‍ കാന്ത ബോംബ് സ്ഥാപിച്ചെന്നാണ് കണ്ടെത്തിയത്.