കാസര്‍കോട് ജില്ലയില്‍ രണ്ട് പേര്‍ക്ക് എച്ച്1 എന്‍1;ജാഗ്രതാ നിര്‍ദ്ദേശം

വായു വഴി പകരുന്ന രോഗമായതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു

Update: 2022-07-05 06:40 GMT

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ രണ്ടുപേര്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു. തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പനിയുമായി ചികില്‍സക്കെത്തിയവരില്‍ നടത്തിയ പരിശോധനയിലാണ് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.ജില്ലയില്‍ എച്ച്1എന്‍1 സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

ലക്ഷണം തോന്നിയ ഏഴുപേരുടെ സാമ്പിളെടുത്ത് പരിശോധിച്ചപ്പോഴാണ് രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.ഇന്‍ഫ്‌ളുവെന്‍സ എ എന്ന ഗ്രൂപ്പില്‍പ്പെട്ട വൈറസാണ് എച്ച്1 എന്‍1. പന്നികളിലാണ് സാധാരണ ഇത് കൂടുതലായി കണ്ടുവരുന്നത്. പന്നികളുമായി അടുത്തിടപഴകുന്ന ആളുകളിലേക്ക് അസുഖം പകരാനുള്ള സാധ്യതയുണ്ട്.വായു വഴി പകരുന്ന രോഗമായതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

രോഗലക്ഷണങ്ങള്‍

പനി, ശരീരവേദന, തൊണ്ടവേദന, കഫമില്ലാത്ത വരണ്ട ചുമ, ക്ഷീണം, വയറിളക്കം. മിക്കവരിലും ഒരു സാധാരണ പനിപോലെ നാലോ അഞ്ചോ ദിവസംകൊണ്ട് ഭേദമാകും. എന്നാല്‍ ചിലരില്‍ അസുഖം ഗുരുതരമാവാന്‍ ഇടയുണ്ട്. ശ്വാസകോശത്തിലെയും തലച്ചോറിലെയും അണുബാധ, നിലവിലുള്ള അസുഖങ്ങള്‍ ഗുരുതരമാകുക എന്നിവയാണ് രോഗത്തിന്റെ സങ്കീര്‍ണതകള്‍.

രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്ക് ചീറ്റുമ്പോഴും വൈറസ് അന്തരീക്ഷത്തില്‍ പടര്‍ന്ന് മറ്റൊരാളിലെത്തുന്നു. ഏകദേശം ഒരു മീറ്റര്‍ ചുറ്റളവില്‍ വൈറസ് വ്യാപിക്കാന്‍ സാധ്യതയുണ്ട്. ആ പരിസരത്തുള്ള വസ്തുക്കളിലും വൈറസ് നിലനില്‍ക്കാന്‍ ഇടയുണ്ട്. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, മറ്റു ഗുരുതര രോഗമുള്ളവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.എ വി രാംദാസ് അറിയിച്ചു. മാസ്‌ക് ധരിക്കല്‍, കൈ കഴുകല്‍ തുടങ്ങി കൊവിഡ് കാലത്ത് കൈക്കൊണ്ട മുന്‍കരുതലുകളെല്ലാം എടുക്കണം.





Tags:    

Similar News