പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ പുഴയിലിറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. മന്ത്രവാദിയായി അറിയപ്പെടുന്ന ഹസന്‍ മുഹമ്മദും 18കാരനായ കോയമ്പത്തൂര്‍ സ്വദേശി യുവരാജുമാണ് മരിച്ചത്. ഹസന്റെ വീട്ടില്‍വെച്ച് നടന്ന മന്ത്രവാദത്തിന് ശേഷം ഇരുവരും ചില ക്രിയകള്‍ നടത്താനായാണ് പുഴയിലിറങ്ങിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. അതിനിടെ അപകടം സംഭവിക്കുകയായിരുന്നു. പള്ളിത്തെരുവിലെ ഹസന്‍ മുഹമ്മദിന്റെ വീട്ടില്‍ മന്ത്രവാദക്രിയയ്ക്കായാണ് യുവരാജിന്റെ കുടുംബം എത്തിയിരുന്നത്. തുടര്‍ന്ന് വീട്ടില്‍വെച്ച് മന്ത്രവാദക്രിയകള്‍ നടത്തി. പിന്നാലെ ഹസന്‍ മുഹമ്മദും ഒപ്പം യുവാവും പുഴയിലിറങ്ങുകയായിരുന്നു. പരിഹാരക്രിയകള്‍ നടത്തുന്നതിനായാണ് യുവരാജ് പുഴയിലിറങ്ങിയത്. ക്രിയകള്‍ നടത്തുന്നതിനിടെ ഇരുവരും പുഴയിലേക്ക് വീഴുകയും ഒഴുക്കില്‍പ്പെടുകയുമായിരുന്നു. ഒരാഴ്ചയ്ക്ക് മുമ്പ് മകന് ജോലി ശരിയാകുന്നില്ലെന്ന് പറഞ്ഞാണ് കുടുംബം ഹസന്‍ മുഹമ്മദിനെ സമീപിക്കുന്നത്. ഹസന്‍ പറഞ്ഞത് പ്രകാരം ഒരാഴ്ചയ്ക്ക് ശേഷം ഇവര്‍ ഹസന്റെ വീട്ടിലെത്തുകയായിരുന്നു.