പശുവിനെ കടത്തിയെന്ന് ആരോപിച്ച് മുസ്‌ലിം യുവാക്കളെ മര്‍ദ്ദിച്ച് ജയിലില്‍ അടച്ചു; പ്രതിഷേധിച്ച് ഹിന്ദു ഗ്രാമീണര്‍
പിലിഭിത്ത്: പശുവിനെ കടത്തിയെന്നാരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ ഹിന്ദുത്വര്‍ ആക്രമിച്ചു. സംഭവം അറിഞ്ഞ് പ്രദേശത്ത് എത്തിയ പോലിസ് യുവാക്കളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ സെപ്റ്റംബര്‍ എട്ടിനാണ് സംഭവം. ആബിദ്, സാജിദ് എന്നിവരാണ് ജമുനിയ ഗ്രാമത്തില്‍ ആക്രമണത്തിനും നിയമഭീകരതയ്ക്കും ഇരയായത്. തൊട്ടടുത്ത ഗ്രാമത്തിലെ മാന്‍ സിങ് എന്നയാള്‍ക്ക് നല്‍കാനായി കറവപ്പശുവുമായി പോവുകയായിരുന്നു ആബിദും സാജിദും. പശുവിനെ കൊണ്ടുപോവാന്‍ അനുമതി നല്‍കി ഗ്രാമത്തലവന്റെ ചുമതലയുള്ള സഞ്ജന ദേവി ഒപ്പിട്ട രേഖയും ഇരുവരുടെയും കൈയ്യിലുണ്ടായിരുന്നു.
പക്ഷേ, വഴിയില്‍ വച്ച് ഹിന്ദുത്വ സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. സംഭവം അറിഞ്ഞ മാന്‍ സിങും ഏതാനും ഗ്രാമീണരും സ്ഥലത്തെത്തി. അക്രമികളുമായി അവര്‍ സംസാരിച്ചെങ്കിലും ആക്രമണം നിലച്ചില്ല. തുടര്‍ന്ന് ഹിന്ദുത്വര്‍ പോലിസിനെ വിളിച്ചുവരുത്തി ഇരുവരെയും അറസ്റ്റ് ചെയ്യിച്ചു. പോലിസ് രണ്ടുപേരെയും പശുക്കശാപ്പ് കേസില്‍ ജയിലില്‍ അടച്ചു.
എന്നാല്‍, ഹിന്ദുത്വ-പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് മാന്‍ സിങും സംഘവും ജില്ലാ മജിസ്‌ട്രേറ്റിനെ കണ്ടു. തുടര്‍ന്ന് അവര്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫിസ് ഉപരോധിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്നായിരുന്നു ആവശ്യം. ഗ്രാമത്തില്‍ പ്രതിഷേധം ശക്തമായതോടെ ബിജെപിയുടെ ആഗ്ര മുന്‍സിപ്പല്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ മുരാരി ലാല്‍ ഗോയല്‍ ആബിദിനും സാജിദിനും പിന്തുണയുമായി രംഗത്തെത്തി. ഇരുവരെയും വ്യാജ പശുക്കശാപ്പ് കേസില്‍ കുടുക്കിയതായി മുരാരി ലാല്‍ ഗോയല്‍ പറഞ്ഞു. ഹിന്ദുക്കളും മുസ്‌ലിംകളും ഒരുമിച്ച് നിന്നതു കൊണ്ടുമാത്രമാണ് ഈ വിഷയത്തില്‍ രാഷ്ട്രീയ ഇടപെടലുണ്ടായതെന്ന് ഒരു ഗ്രാമീണന്‍ പറഞ്ഞു.
