അമ്മാന്‍: ജോര്‍ദാന്‍-ഫലസ്തീന്‍ അതിര്‍ത്തിയില്‍ രണ്ടു ഇസ്രായേലികളെ വെടിവച്ചു കൊന്നു. കിങ് ഹുസൈന്‍ പാലത്തിന് സമീപമാണ് ആക്രമണം നടന്നത്. 20ഉം 60ഉം വയസ് പ്രായമുള്ള രണ്ട് ജൂതന്‍മാരാണ് കൊല്ലപ്പെട്ടത്. ജോര്‍ദാനില്‍ നിന്നും ട്രക്കുമായി എത്തിയ ഒരാളാണ് ആക്രമണം നടത്തിയതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ആക്രമണത്തിനിടെ ജോര്‍ദാനിയുടെ തോക്ക് ജാമായെന്നും പിന്നീട് കത്തികൊണ്ട് കുത്തിയെന്നും ചില റിപോര്‍ട്ടുകള്‍ പറയുന്നുണ്ട്. വെസ്റ്റ് ബാങ്കില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യമാണ് കിങ് ഹുസൈന്‍ പാലത്തിന് സമീപത്തെ അതിര്‍ത്തി നിയന്ത്രിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
2024ല്‍ ഈ പ്രദേശത്ത് മറ്റൊരു ജോര്‍ദാന്‍ പൗരന്‍ ആക്രമണം നടത്തിയിരുന്നു. മൂന്നു ഇസ്രായേലി സൈനികരാണ് അന്ന് കൊല്ലപ്പെട്ടത്. ഇസ്രായേലിലെ ബെന്‍ ഗുരിയോണ്‍(1948 വരെ ലുദ്ദ്) വിമാനത്താവളം ഉപയോഗിക്കാന്‍ ഫലസ്തീനികള്‍ക്ക് അനുവാദമില്ലാത്തതിനാല്‍ ഈ വഴിയാണ് അവര്‍ ജോര്‍ദാനിലേക്ക് പോവുക. വെസ്റ്റ്ബാങ്കിലും ഗസയിലും വിമാനത്താവളം നിര്‍മിക്കാന്‍ ഇസ്രായേല്‍ സമ്മതിക്കുന്നില്ല.
