ഇറാനു വേണ്ടി ചാരപ്പണിയെടുത്ത രണ്ടു ഇസ്രായേലി സൈനികര്‍ അറസ്റ്റില്‍; ഒരാള്‍ക്ക് പ്രതിഫലം 4,300 രൂപ
തെല്‍അവീവ്: ഇറാനു വേണ്ടി ചാരപ്പണിയെടുത്തെ രണ്ടു സൈനികരെ ഇസ്രായേലി പോലിസ് അറസ്റ്റ് ചെയ്തു. വ്യോമപ്രതിരോധ സംവിധാനമായ അയണ്‍ ഡോം പ്രവര്‍ത്തിപ്പിക്കുന്നതിന്റെ ചുമതലയുണ്ടായിരുന്ന യൂറി എലിയാസ്‌ഫോവ് (21), ഗിയോര്‍ഗി ആന്‍ഡ്രിയോവ് (21) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. അയണ്‍ ഡോമിന്റെ രഹസ്യവിവരങ്ങളും വീഡിയോകളും ഇവര്‍ ഇറാനു കൈമാറിയതായി കണ്ടെത്തിയെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
വിവരങ്ങള്‍ കൈമാറിയതിന് യൂറി എലിയാസ്‌ഫോവിന് 2.15 ലക്ഷം രൂപയും ഗിയോര്‍ഗി ആന്‍ഡ്രിയോവിന് 4300 രൂപയും പ്രതിഫലമായി ലഭിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് ഇവര്‍ ഇറാനു വേണ്ടി ചാരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തുടങ്ങിയത്. ഇറാന്‍ ഏജന്റുമാര്‍ക്ക് വിവരങ്ങള്‍ കൈമാറിയ ഏഴു പേരെ ഒക്ടോബറിലും 30 പേരെ ഡിസംബറിലും ഇസ്രായേലി പോലിസ് പിടികൂടിയിരുന്നു. നെവാറ്റിം, റാമത്ത് ഡേവിഡ് വ്യോമസേനാ താവളങ്ങളുടെ വിവരങ്ങളാണ് പ്രധാനമായും ചോര്‍ന്നത്. തൂഫാനുല്‍ അഖ്‌സയ്ക്കു ശേഷം ഈ താവളങ്ങള്‍ ഹിസ്ബുല്ല തകര്‍ത്തിരുന്നു.