ക്ഷീരകര്‍ഷകനെ പശുക്കശാപ്പ് കേസില്‍ കുടുക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍
ഗാസിയാബാദ്(യുപി): ക്ഷീരകര്‍ഷകനെ പശുക്കശാപ്പ് കേസില്‍ കുടുക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. യോഗേഷ്, ശിവം എന്നിവരാണ് അറസ്റ്റിലായതെന്നും ഋഷഭ്, നന്ദ കിശോര്‍ ശര്‍മ, മകള്‍ ഛായ ശര്‍മ എന്നിവര്‍ ഒളിവിലാണെന്നും ഗാസിയാബാദ് ഡിസിപി രാജേഷ് കുമാര്‍ സിങ് പറഞ്ഞു. മാര്‍ച്ച് 13ന്, ഹോളിക്ക് മുമ്പായിരുന്നു സംഭവം.
നന്ദ് കിശോര്‍ ശര്‍മ, സിഹാനി പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ലോഹ്യാനഗറില്‍ പശുക്കളെ വളര്‍ത്തുന്നുണ്ടെന്ന് പോലിസ് പറഞ്ഞു. ഇയാളുടെ ഭാര്യയുടെ സഹോദരനായ അരുണ്‍ ഭരദ്വാജും സമീപത്ത് തന്നെ പശുക്കളെ വളര്‍ത്തുന്നുണ്ട്. ഇരുവരും തമ്മില്‍ വര്‍ഷങ്ങളായി തര്‍ക്കങ്ങള്‍ നിലവിലുണ്ട്. ഇതേതുടര്‍ന്ന് നന്ദ്കിശോര്‍ ശര്‍മ്മയും മകള്‍ ഛായ ശര്‍മ്മയും പരിചയക്കാരായ രണ്ടുപേരില്‍ നിന്നും എട്ടു കിലോഗ്രാം എരുമ മാംസം വാങ്ങി. ഇത് യോഗേഷ്, ശിവം എന്നിവരെ കൊണ്ട് അരുണ്‍ ഭരദ്വാജിന്റെ തൊഴുത്തില്‍ തള്ളുകയായിരുന്നു. ഇതിന് ശേഷം ഹിന്ദുത്വ സംഘടനയായ ഗോ രക്ഷാ ദളിന്റെ നേതാവിനെ വിളിച്ചറിയിച്ചു. ഇവര്‍ പ്രദേശത്ത് എത്തി വലിയ സംഘര്‍ഷമുണ്ടാക്കി. തുടര്‍ന്നാണ് പോലിസ് രംഗത്തെത്തിയത്.
ലാബിലെ പരിശോധനയില്‍ മാംസം എരുമയുടേതാണെന്ന് തെളിഞ്ഞതായി ഡിസിപി രാജേഷ് കുമാര്‍ സിങ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഹോളിക്ക് മുന്നായി പ്രദേശത്ത് മതപരമായ സംഘര്‍ഷമുണ്ടാക്കി അരുണ്‍ ഭരദ്വാജിനെ ജയിലില്‍ ആക്കാനായിരുന്നു പ്രതികളുടെ പദ്ധതിയെന്നും ഡിസിപി അറിയിച്ചു.
മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള മാംസ വ്യാപാരിയെ വ്യാജ പശുക്കശാപ്പ് കേസില്‍ കുടുക്കാന്‍ ശ്രമിച്ച ഹിന്ദുത്വ സംഘടന നേതാവിനെയും കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഹിന്ദു യോദ്ധ പരിവാര്‍ സംഘതന്‍ എന്ന സംഘടനയുടെ നേതാവായ ചൗധരി വിഷ് സിംഗ് കംബോജ് ആണ് അറസ്റ്റിലായിരുന്നത്.
2024 ഫെബ്രുവരിയില്‍ മൊറാദാബാദിലും സമാനമായ സംഭവമുണ്ടായി. ഒരു മുസ്‌ലിം യുവാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ പശുവിനെ കശാപ്പ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ ബജ്‌റംഗ്ദളിന്റെ മൊറാദാബാദ് ജില്ലാ പ്രസിഡന്റ് മോനു ബിഷ്‌ണോയി ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
