ശബരിമല ഭണ്ഡാരത്തില്‍നിന്ന് വിദേശകറന്‍സി വായ്ക്കുള്ളിലാക്കി കടത്തി; രണ്ട് ദേവസ്വം ജീവനക്കാര്‍ പിടിയില്‍

Update: 2026-01-15 03:15 GMT

പത്തനംതിട്ട: ശബരിമലക്ഷേത്രഭണ്ഡാരത്തില്‍നിന്ന് വിദേശകറന്‍സികളും സ്വര്‍ണവും വായ്ക്കുള്ളിലാക്കി കടത്തിയ രണ്ട് ദേവസ്വം ജീവനക്കാര്‍ അറസ്റ്റില്‍. ആലപ്പുഴ കൊടുപ്പുന്ന മനയില്‍ വീട്ടില്‍ എം ജി ഗോപകുമാര്‍ (51), കൈനകരി നാലുപുരയ്കല്‍ സുനില്‍ ജി നായര്‍(51) എന്നിവരാണ് ദേവസ്വം വിജിലന്‍സിന്റെ പിടിയിലായത്. രണ്ടുപേരും താത്കാലിക ജീവനക്കാരാണ്. ജോലികഴിഞ്ഞ് ഇറങ്ങുമ്പോള്‍ നടത്തിയ പരിശോധനയില്‍ ഇരുവരുടെയും വായ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ഗോപകുമാറില്‍നിന്ന് മലേഷ്യന്‍ കറന്‍സിയും സുനിലില്‍നിന്ന് യുറോ, കനേഡിയന്‍, യുഎഇ കറന്‍സികളുമാണ് കണ്ടെടുത്തത്.

ഇവരുടെ മുറികളില്‍ നടത്തിയ പരിശോധനയില്‍ ഗോപകുമാറിന്റെ ബാഗില്‍നിന്ന് 500 രൂപയുടെ 27 നോട്ടും 100ന്റെ രണ്ടുനോട്ടും ഇരുപതിന്റെ നാല് നോട്ടും പത്തിന്റെ നാല് നോട്ടും ഉള്‍െപ്പടെ 13,820 രൂപയും രണ്ട് ഗ്രാമിന്റെ സ്വര്‍ണലോക്കറ്റും കണ്ടെടുത്തു. സുനില്‍ ജി നായരുടെ ബാഗില്‍നിന്ന് 500 രൂപയുടെ 50 നോട്ടും 17 വിദേശ കറന്‍സികളും അടക്കം 25,000 രൂപ കണ്ടെടുത്തതായി വിജിലന്‍സ് എസ്പി വി സുനില്‍കുമാര്‍ അറിയിച്ചു.