ഉത്തര്‍പ്രദേശില്‍ രണ്ട് ക്രിസ്ത്യന്‍ മിഷണറിമാര്‍ അറസ്റ്റില്‍; മതപരിവര്‍ത്തനത്തിന് ശ്രമിച്ചെന്ന് ആരോപണം
സീതാപൂര്‍: മതപരിവര്‍ത്തനത്തിന് ശ്രമിച്ചുവെന്ന് ആരോപിച്ച് രണ്ട് ക്രിസ്ത്യന്‍ മിഷണറിമാരെ ഉത്തര്‍പ്രദേശിലെ സീതാപൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. ഹര്‍ജീത്, സുനിത മാസിഹ് എന്നിവരെയാണ് സെപ്റ്റംബര്‍ 15ന് അറസ്റ്റ് ചെയ്തതെന്ന് പോലിസ് അറിയിച്ചു. രോഗങ്ങള്‍ മാറ്റാമെന്നും മറ്റും പറഞ്ഞ് ആളുകളെ മതം മാറ്റാന്‍ ശ്രമിച്ചവരാണ് പ്രതികളെന്ന് എസ്പി രാജേഷ് ദ്വിവേദി പറഞ്ഞു. '' കഴിഞ്ഞ ആഴ്ച്ചകളിലായി സിദോലിയിലും നിഗോഹിയിലും സമാനമായ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ക്രിസ്ത്യന്‍ മിഷണറിമാരാണ് പ്രതികള്‍. അവരെയെല്ലാം അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. അവരുടെ സാമ്പത്തിക സ്രോതസുകളില്‍ അന്വേഷണം നടക്കുകയാണ്. അതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. എത്ര പണം ഉപയോഗിച്ചു, എത്ര പേരെ മതം മാറ്റി തുടങ്ങിയ കാര്യങ്ങളും പ്രത്യേക സംഘം പരിശോധിക്കും.''-എസ്പി വിശദീകരിച്ചു. സര്‍ക്കിള്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തില്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് കമാന്‍ഡോകളും സൈബര്‍ സെല്‍ ഉദ്യോഗസ്ഥരുമുണ്ട്.