'ആളു മാറി' ബംഗ്ലാദേശിലേക്ക് തള്ളിവിട്ട രണ്ട് സ്ത്രീകളെ തിരികെ കൊണ്ടുവന്നു

Update: 2025-06-01 13:33 GMT

ഗുവാഹത്തി: ആളു മാറി ബംഗ്ലാദേശിലേക്ക് 'തള്ളിവിട്ട' രണ്ടു സ്ത്രീകളെ തിരികെ കൊണ്ടുവന്നു. റഹീമ ബീഗം(50) എന്ന സ്ത്രീയെയും മറ്റൊരു സ്ത്രീയേയുമാണ് ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ 'നോ മാന്‍സ് ലാന്‍ഡില്‍' സൈനികര്‍ കൊണ്ടിട്ടതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. ഇവര്‍ രണ്ടുപേരും വിദേശികളല്ലെന്ന് ഫോറിനേഴ്‌സ് ട്രിബ്യൂണല്‍ കണ്ടെത്തിയിരുന്നു. അതായത്, പശ്ചിമബംഗാളില്‍ നിന്നും 1971 മാര്‍ച്ച് 25ന് മുമ്പ് അസമില്‍ എത്തിയവരാണ് ഇവര്‍.

നടന്ന സംഭവങ്ങളെ കുറിച്ച് റഹീമ പറയുന്നു: ''മേയ് 25ന് പുലര്‍ച്ചെ നാലു മണിയോടെയാണ് പോലിസ് വീട്ടിലെത്തിയത്. ഉടന്‍ പോലിസ് സ്‌റ്റേഷനില്‍ എത്താന്‍ പറഞ്ഞു. ചില കാര്യങ്ങള്‍ ചോദിച്ച് അറിയാനുണ്ടെന്നാണ് പറഞ്ഞത്. പോലിസ് സ്‌റ്റേഷനില്‍ നിന്നും ഗോലഘാട്ട് എസ്പി ഓഫിസിലേക്ക് കൊണ്ടുപോയി. അവര്‍ ഞങ്ങളുടെ വിരലടയാളങ്ങള്‍ പരിശോധിച്ചു. പിന്നീട് മറ്റേതോ സ്ഥലത്തേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച രാത്രി കാറിലാക്കി അതിര്‍ത്തിയിലേക്ക് കൊണ്ടുപോയി. അല്‍പ്പം ബംഗ്ലാദേശി കറന്‍സി തന്ന് അതിര്‍ത്തി കടക്കാന്‍ ആവശ്യപ്പെട്ടു. മുട്ടോളം ചെളിയുള്ള നെല്‍ പാടത്തേക്കാണ് ഞങ്ങളെ തള്ളിവിട്ടത്. ഞങ്ങള്‍ നടന്ന് ഒരു ഗ്രാമത്തിലെത്തി. പക്ഷേ, അവിടത്തെ നാട്ടുകാര്‍ ഞങ്ങളെ ഓടിച്ചു. അവരുടെ അതിര്‍ത്തി രക്ഷാസേന എത്തി. ഞങ്ങളെ അവര്‍ മര്‍ദ്ദിച്ചു. എവിടെ നിന്നാണോ വന്നത് അങ്ങോട്ട് തന്നെ പോവാന്‍ പറഞ്ഞു. പകല്‍ മുഴുവന്‍ പാടത്ത് നിന്നു. പാടത്ത് നിന്നും വെള്ളം കുടിച്ചു. രണ്ടു വശത്തേക്കും പോവാന്‍ സാധിക്കുന്നുണ്ടായില്ല. വ്യാഴാഴ്ച രാത്രിയോടെ ഇന്ത്യന്‍ സൈനികര്‍ വന്നു വിളിച്ചു. ബംഗ്ലാദേശ് കറന്‍സി തിരികെ വാങ്ങിയശേഷം വാഹനങ്ങളിലാക്കി കൊക്രജാറിലേക്ക് കൊണ്ടുപോയി. കൂടെയുണ്ടായിരുന്ന ബാക്കിയുള്ളവര്‍ക്ക് എന്തു സംഭവിച്ചു എന്നറിയില്ല.''-റഹീമ ബീഗം പറഞ്ഞു. അതിന് ശേഷം റഹീമയുടെ ഭര്‍ത്താവിനെ പോലിസ് ഫോണ്‍ വിളിച്ചു പറഞ്ഞു. അങ്ങനെയാണ് റഹീമ വീണ്ടും വീട്ടിലെത്തിയത്.