മറ്റു പുരുഷന്‍മാരുമായി ബന്ധം പാടില്ലെന്ന് പറഞ്ഞ ആണ്‍സുഹൃത്തിനെ കൊലപ്പെടുത്തിയ രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

Update: 2026-01-17 11:31 GMT

ചെന്നൈ: ആണ്‍സുഹൃത്തിനെ കൊലപ്പെടുത്തിയ രണ്ടു സ്ത്രീകള്‍ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ ചെന്നൈയ്ക്ക് സമീപമുള്ള പല്ലാവരത്താണ് സംഭവം. സോഷ്യല്‍ മീഡിയ സുഹൃത്തുക്കളുടെ സഹായത്തോടെയായിരുന്നു കൊലപാതകം. തിരുശൂലം സ്വദേശിയും നിര്‍മാണ തൊഴിലാളിയുമായ സെല്‍വകുമാറാണ് കൊല്ലപ്പെട്ടത്. റീന(24), രച്ചിത(25) എന്നിവരാണ് അറസ്റ്റിലായ യുവതികള്‍. ഇവരുടെ സോഷ്യല്‍മീഡിയ സുഹൃത്തുക്കളായ മൂന്നുപേര്‍ ഒളിവിലാണ്.

റീനയും രച്ചിതയും സുഹൃത്തുക്കളായിരുന്നുവെന്ന് പോലീസ് പറഞ്ഞു. റീന വിവാഹിതയും രചിത അവിവാഹിതയുമാണ്. ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നുവെന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. യുവതികള്‍ റീലുകള്‍ പങ്കുവയ്ക്കുകയും ഒട്ടേറെ യുവാക്കളുമായി സുഹൃദ്ബന്ധം വളര്‍ത്തിയെടുക്കുകയും ചെയ്തിരുന്നു. യുവതികള്‍ പുരുഷന്മാരെ ഭീഷണിപ്പെടുത്തി പണം വാങ്ങുകയും ആര്‍ഭാടജീവിതം നയിക്കുകയുമായിരുന്നു. കൊല്ലപ്പെട്ട സെല്‍വകുമാറും സോഷ്യല്‍ മീഡിയ വഴി തന്നെയാണ് റീനയുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് രച്ചിതയുമായും അടുത്തു. മറ്റുപുരുഷന്‍മാരുമായി ബന്ധം പാടില്ലെന്ന് സെല്‍വകുമാര്‍ ആവശ്യപ്പെട്ടു. ഇത് യുവതികളില്‍ വലിയ സമ്മര്‍ദമുണ്ടാക്കി. സെല്‍വകുമാര്‍ തങ്ങളെ നിയന്ത്രിക്കുമെന്നും ജീവിച്ചിരുന്നാല്‍ ഭീഷണിയാകുമെന്നും അവര്‍ കരുതി. തുടര്‍ന്ന് സെല്‍വകുമാറിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. അവര്‍ സോഷ്യല്‍ മീഡിയ വഴി സുഹൃത്തുക്കളോട് സഹായം അഭ്യര്‍ഥിച്ചു. തുടര്‍ന്ന് അലക്‌സ്(24) 17 വയസ്സുകാരന്‍, മറ്റ് രണ്ടു പേര്‍ എന്നിവരുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്യുകായിരുന്നു.

ബുധനാഴ്ച രാത്രി, പല്ലാവരത്തേക്ക് വരണമെന്നും നേരില്‍ കണ്ട് സംസാരിക്കണമെന്നും സെല്‍വകുമാറിനോട് റീന ആവശ്യപ്പെട്ടു. സെല്‍വകുമാര്‍ എത്തിയതിന് ശേഷം രച്ചിതയും അവരോടൊപ്പം ചേര്‍ന്നു. മൂവരും സംസാരിക്കുന്നതിനിടെ, അക്രമികള്‍ സെല്‍വകുമാറിനെ വളയുകയും കത്തിയും വാക്കത്തിയുമുപയോഗിച്ച് ആക്രമിച്ചു. സംഭവത്തെ മോഷണശ്രമമായി ചിത്രീകരിക്കാന്‍ പ്രതികള്‍ ശ്രമിച്ചു. എന്നാല്‍, ഫോണ്‍ റെക്കോഡുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളുടെ തിരക്കഥ പൊളിച്ചത്. യുവതികളെ കൂടാതെ അവരുടെ സഹായിയായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി എന്നിവരെ അറസ്റ്റ് ചെയ്തു.