രഹസ്യങ്ങളുടെ കേന്ദ്രമായ ബി നിലവറ തുറക്കല്‍; തന്ത്രിമാരുടെ അഭിപ്രായം തേടും

Update: 2025-08-07 12:21 GMT

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യത്തില്‍ തന്ത്രിമാരുടെ അഭിപ്രായം തേടാന്‍ തീരുമാനം. നിലവറ തുറക്കുന്ന കാര്യത്തില്‍ ക്ഷേത്ര എക്‌സിക്യൂട്ടിവ് കമ്മിറ്റിക്ക് തീരുമാനമെടുക്കാമെന്ന് സുപ്രിംകോടതി നേരത്തെ പറഞ്ഞിരുന്നു.

2011 ജൂലൈ മാസത്തിലാണ് കോടതി നിര്‍ദേശപ്രകാരം എ നിലവറ തുറന്നത്. നിധിശേഖരവും രഹസ്യ അറകളുമാണ് കണ്ടെത്തിയത്. ആയിരക്കണക്കിനു സ്വര്‍ണമാലകള്‍, രത്‌നം പതിച്ച സ്വര്‍ണക്കിരീടങ്ങള്‍, സ്വര്‍ണക്കയര്‍, സ്വര്‍ണക്കട്ടികള്‍, സ്വര്‍ണവിഗ്രഹം, ഒരു ചാക്ക് നിറയെ നെല്‍മണിയുടെ വലുപ്പത്തില്‍ സ്വര്‍ണമണികള്‍, സ്വര്‍ണ ദണ്ഡുകള്‍, ചാക്ക് നിറയെ രത്‌നങ്ങള്‍ തുടങ്ങിയവയാണ് അന്ന് കണ്ടെത്തിയത്.

എന്നാല്‍, തുറക്കാത്ത ബി നിലവറയിലെ രഹസ്യങ്ങള്‍ ഇന്നും അജ്ഞാതമാണ്. എ നിലവറയിലുള്ളതിനേക്കാള്‍ സ്വത്തുകള്‍ ബി നിലവറയിലുണ്ടെന്നാണ് കരുതുന്നത്. സര്‍പ്പങ്ങള്‍ കാവല്‍നില്‍ക്കുന്ന നിലവറയെന്നും നിലവറ തുറക്കുന്നവര്‍ മരിക്കുമെന്നും പ്രചാരണങ്ങളുണ്ട്. ബി നിലവറ 1990ലും 2002ലുമായി ഏഴുതവണ തുറന്നിട്ടുണ്ടെന്നു സുപ്രിം കോടതി നിയോഗിച്ച പ്രത്യേക ഓഡിറ്റര്‍ വിനോദ് റായി റിപോര്‍ട്ടു നല്‍കിയിരുന്നു. എന്നാല്‍, ബി നിലവറയുടെ ആദ്യ അറ മാത്രമേ തുറന്നിട്ടുള്ളുവെന്നു തിരുവിതാംകൂര്‍ രാജകുടുംബം അവകാശപ്പെടുന്നു. ആദ്യ അറയ്ക്ക് അപ്പുറം ഒരു വാതിലുണ്ട്. അത് പുറത്തേക്ക് തുറക്കുന്ന തരത്തിലുള്ളതാണ്. അത് ആരും തുറന്നിട്ടില്ലെന്നും രാജകുടുംബം അവകാശപ്പെടുന്നു.