ഗസയില്‍ തുര്‍ക്കി സൈനികര്‍ എത്തുന്നത് ഭീഷണിയെന്ന് പാശ്ചാത്യര്‍ (VIDEO)

Update: 2025-10-18 10:56 GMT

വാഷിങ്ടണ്‍: ഗസയിലെ വെടിനിര്‍ത്തല്‍ ഉറപ്പാക്കാന്‍ തുര്‍ക്കിയുടെ സൈനികര്‍ എത്തുന്നത് ഇസ്രായേലിനും യുഎസിനും ഭീഷണിയെന്ന് അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപോര്‍ട്ട്. 1952 മുതല്‍ യൂറോപ്യന്‍ സൈനിക സഖ്യമായ നാറ്റോയുടെ ഭാഗമാണ് തുര്‍ക്കിയെങ്കിലും പ്രാദേശിക വിഷയങ്ങളില്‍ യുഎസിന്റെയും യൂറോപ്പിന്റെയും നിലപാടിന് വിരുദ്ധമായ സമീപനമാണ് തുര്‍ക്കി സ്വീകരിക്കുന്നതെന്ന് റിപോര്‍ട്ട് ആരോപിക്കുന്നു.

2012 സെപ്റ്റംബര്‍ 11ന് ലിബിയയിലെ ബെങ്കാസിയിലെ യുഎസ് അംബാസിഡര്‍ ക്രിസ് സ്റ്റീവന്‍സ് കൊല്ലപ്പെട്ടതില്‍ തുര്‍ക്കിക്ക് പങ്കുണ്ടെന്നാണ് റിപോര്‍ട്ട് ആരോപിക്കുന്നത്. ബെങ്കാസിയിലെ തുര്‍ക്കിയുടെ കോണ്‍സല്‍ ജനറലായിരുന്ന അലി സെയ്ത് അഖിനെ ആണ് അന്ന് അവസാനമായി ക്രിസ് സ്റ്റീവന്‍സിനെ കണ്ടത്. പ്രദേശത്ത് നിരവധി സായുധ സംഘങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന കാര്യം അഖിനെയ്ക്ക് അറിയാമായിരുന്നു. പക്ഷേ, അഖിനെ ഇക്കാര്യം ക്രിസ് സ്റ്റീവന്‍സിനെ അറിയിച്ചില്ലത്രെ. അഖിനെ കോണ്‍സലേറ്റില്‍ നിന്നും പോയ ശേഷം കോണ്‍സലേറ്റില്‍ ആക്രമണമുണ്ടായി. അതിലാണ് ക്രിസ് സ്റ്റീവന്‍സ് കൊല്ലപ്പെട്ടത്.


ക്രിസ് സ്റ്റീവന്‍സിന്റെ കൊലപാതകത്തിന് ശേഷം തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദ്ദുഗാന്‍, അഖിനെ അഫ്ഗാനിസ്താനിലെ തുര്‍ക്കിയുടെ അംബാസഡറായി നിയമിച്ചു. അതിന് ശേഷം തുര്‍ക്കിയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം ശക്തമായെന്നും റിപോര്‍ട്ട് പറയുന്നു.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഗസ വെടിനിര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായ അന്താരാഷ്ട്ര സൈന്യത്തില്‍ തുര്‍ക്കി സൈനികരുമുണ്ടാവും. തുര്‍ക്കി സൈന്യം ഗസയില്‍ എത്തുന്നതില്‍ ഇസ്രായേലിന് എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍, ഇസ്രായേലിന്റെ എതിര്‍പ്പ് തള്ളിയാണ് ട്രംപ്, തുര്‍ക്കി സൈനികരെ ഗസയില്‍ വിന്യസിക്കാന്‍ അനുവദിച്ചത്. തുര്‍ക്കി പ്രസിഡന്റ് ഉര്‍ദ്ദുഗാനോടുള്ള പ്രത്യേക താല്‍പര്യമാണ് ഇതിന് കാരണമെന്നും റിപോര്‍ട്ടുകള്‍ പറയുന്നുണ്ട്. കൂടാതെ ഗസയിലേക്ക് 200 സൈനികരെ അയക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. എന്നാല്‍, ആ സൈനികര്‍ ഗസയിലേക്ക് കടക്കാതെ, ഇസ്രായേലിന് അകത്തായിരിക്കും പ്രവര്‍ത്തിക്കുക.

ഗസയില്‍ തുര്‍ക്കി സൈന്യം എത്തുന്നത് ഹമാസിന് ഗുണകരമാവുമെന്നാണ് അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരോപിക്കുന്നത്. തിരഞ്ഞെടുപ്പൊന്നും നടത്താതെ അധികാരത്തില്‍ തുടരുന്ന, 89കാരനായ ഫലസ്തീനി അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് മരിച്ചാല്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് തുര്‍ക്കി കണക്കുകൂട്ടുന്നതത്രെ. തിരഞ്ഞെടുപ്പില്‍ ഹമാസ് ജയിക്കുമെന്ന കാര്യത്തില്‍ തുര്‍ക്കിക്ക് സംശയമൊന്നുമില്ല. വെസ്റ്റ്ബാങ്കിലും ഗസയിലും അവസാനം നടന്ന തിരഞ്ഞെടുപ്പുകളില്‍ ജയിച്ചത് ഹമാസാണ്. 2006ല്‍ വെസ്റ്റ്ബാങ്കില്‍ ഹമാസ് ഭൂരിപക്ഷം നേടിയ ശേഷമാണ് മഹ്മൂദ് അബ്ബാസ് തിരഞ്ഞെടുപ്പ് നിര്‍ത്തിയത്. അതിന് ശേഷം യുഎസിന്റെയും ഇസ്രായേലിന്റയും സംരക്ഷണയിലാണ് അബ്ബാസ് ഭരണം നടത്തുന്നത്.

അതേസമയം, ഗസയില്‍ പോവാനുള്ള തുര്‍ക്കിയുടെ പ്രകൃതി ദുരന്ത വിദഗ്ദര്‍ ഈജിപ്ത് അതിര്‍ത്തിയില്‍ കാത്തുനില്‍ക്കുകയാണ്. ഗസയില്‍ പ്രവേശിക്കാന്‍ ഇസ്രായേല്‍ അവര്‍ക്ക് അനുമതി നല്‍കിയിട്ടില്ല. ഗസയിലെ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടയില്‍ കിടക്കുന്ന ജൂതത്തടവുകാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തലാണ് അവരുടെ ലക്ഷ്യം. അത്യാധുനിക ഉപകരണങ്ങളും ഡോഗ് സ്‌ക്വോഡുകളുമായാണ് അവര്‍ എത്തിയിരിക്കുന്നത്. എന്നാല്‍, ഖത്തറില്‍ നിന്നുള്ള സമാനമായ സംഘവുമായി സഹകരിക്കാനാണ് ഇസ്രായേലിന് താല്‍പര്യം.

ബശാറുല്‍ അസദ് അധികാരത്തില്‍ നിന്നു പുറത്തായ ശേഷം സിറിയയില്‍ തുര്‍ക്കി വലിയ സൈനിക നിര്‍മാണങ്ങള്‍ നടത്തുന്നതും ഇസ്രായേല്‍ പ്രശ്നമായി കാണുന്നുണ്ട്. ഗോലാന്‍ കുന്നുകള്‍ക്ക് സമീപം സിറിയന്‍ സര്‍ക്കാരിന് വേണ്ടി തുര്‍ക്കി വലിയ സൈനിക സംവിധാനങ്ങള്‍ കെട്ടിപ്പടുക്കുന്നതായി ജൂത ഉടമസ്ഥതയിലുള്ള ആഗോള മാധ്യമമായ ബ്ലൂംബര്‍ഗ് റിപോര്‍ട്ട് ചെയ്തു. നിരവധി കവചിത വാഹനങ്ങളും ഡ്രോണുകളും പീരങ്കികളും മിസൈലുകളും വ്യോമപ്രതിരോധ സംവിധാനങ്ങളും തുര്‍ക്കി എത്തിച്ചതായാണ് റിപോര്‍ട്ട്. ഗോലാന്‍ കുന്നുകള്‍ക്ക് താഴെയുള്ള സിറിയന്‍ ഗ്രാമങ്ങളില്‍ ഇസ്രായേലി സൈന്യം നിരന്തരമായി അതിക്രമിച്ചു കയറുന്നുണ്ട്.

ഇനി ഗസയിലേക്ക് തിരിച്ചുവന്നാല്‍, ഇസ്രായേലി അധിനിവേശ സൈനികരെയും അവരുടെ കൂട്ടാളികളെയും മാത്രമാണ് ഫലസ്തീനി പ്രതിരോധ പ്രസ്ഥാനങ്ങള്‍ ലക്ഷ്യമിടുന്നത്. പക്ഷേ, 2003 ഒക്ടോബറില്‍ ബെയ്ത്ത് ഹനൂനില്‍ യുഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വലിയ ആക്രമണം നടന്നിട്ടുണ്ട്. നയതന്ത്ര സുരക്ഷാ ഉദ്യോഗസ്ഥരായ ജോണ്‍ എറിക്, ജോണ്‍ മാര്‍ട്ടിന്‍, മാര്‍ക്ക് പാര്‍സണ്‍ എന്നിവര്‍ അന്ന് കുഴിബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് യുഎസ് പ്രസിഡന്റായിരുന്ന ജോര്‍ജ് ഡബ്ല്യു ബുഷ് ഫലസ്തീന്‍ അതോറിറ്റിയെ രൂക്ഷമായി വിമര്‍ശിച്ചു. പോപുലര്‍ റെസിസ്റ്റന്‍സ് കമ്മിറ്റി എന്ന വിഭാഗത്തിന്റെ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നെങ്കിലും ഫലസ്തീനി കോടതി തെളിവില്ലാത്തതിനാല്‍ കുറ്റാരോപിതരെ വെറുതെവിട്ടു. യുഎസിന്റെ സമ്മര്‍ദ്ദം മൂലം കുറ്റാരോപിതരെ തുടര്‍ന്നും തടവിലിടാന്‍ ഫലസ്തീനി നേതാവ് യാസര്‍ അറഫാത്ത് നിര്‍ദേശിച്ചു.

എന്നാല്‍, അവരെ ഒരു സായുധസംഘം ജയില്‍ ആക്രമിച്ച് മോചിപ്പിച്ചു. ഇസ്രായേലിനും യുഎസിനും അറിയാവുന്ന ഗസ അതിസങ്കീര്‍ണമായ പ്രദേശമാണ്. ചെറുത്തുനില്‍പ്പ് പ്രവര്‍ത്തനങ്ങള്‍ മൂലം 2005ല്‍ ഇസ്രായേലി സൈന്യം ഗസയില്‍ നിന്നും പിന്‍മാറേണ്ടി വന്നു. ഇപ്പോള്‍ രണ്ടു വര്‍ഷം യുദ്ധം ചെയ്തിട്ടും വംശഹത്യ നടത്തിയിട്ടും ഗസയിലെ തടവുകാരെ മോചിപ്പിക്കാന്‍ ഇസ്രായേലിനും യുഎസിനും കഴിഞ്ഞില്ല. അവസാനം വെടിനിര്‍ത്തല്‍ കരാറിനെയാണ് അവര്‍ക്ക് ആശ്രയിക്കേണ്ടി വന്നത്. ഫലസ്തീനികളോട് കൂറുള്ള തുര്‍ക്കിയുടെ സൈനികര്‍ എത്തുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാക്കുമെന്നാണ് ഇസ്രായേലിന്റെ ആശങ്ക.

Full View