സായുധ പ്രതിരോധം അവസാനിപ്പിക്കാന്‍ ഹമാസിനോട് ആവശ്യപ്പെട്ടിട്ടില്ല: തുര്‍ക്കി

Update: 2025-08-03 10:40 GMT

ഇസ്താംബൂള്‍: ഫലസ്തീനിലെ ഇസ്‌ലാമിക പ്രതിരോധ പ്രസ്ഥാനമായ ഹമാസ് നിരായുധീകരിക്കണമെന്നോ തടവുകാരെ കൈമാറണമെന്നോ ആവശ്യപ്പെട്ടിട്ടില്ലെന്ന് തുര്‍ക്കി. ജൂലൈ 28 മുതല്‍ 30 വരെ യുഎസിലെ ന്യൂയോര്‍ക്കില്‍ നടന്ന ഫലസ്തീന്‍ കോണ്‍ഫറന്‍സില്‍ അംഗീകരിച്ച പ്രമേയത്തില്‍ ഈ ആവശ്യങ്ങളുണ്ടായിരുന്നുവെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് തുര്‍ക്കി നിലപാട് വ്യക്തമാക്കിയത്. തങ്ങള്‍ അത്തരം ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്ന് തുര്‍ക്കിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ആര്‍ഐഎ നൊവോസ്തിയോട് പറഞ്ഞു. ആയുധം താഴെ വയ്ക്കണമെന്ന് ഹമാസിനോട് തുര്‍ക്കി അഭ്യര്‍ത്ഥിച്ചിട്ടില്ല. '' സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുകയും അതിന് അന്താരാഷ്ട്ര സമൂഹം പിന്തുണ നല്‍കുകയും ചെയ്തതിന് ശേഷം ഗസയുടെ അധികാരത്തില്‍ നിന്ന് ഹമാസ് പിന്‍മാറുകയും ആയുധങ്ങള്‍ ഫലസ്തീന്‍ അതോറിറ്റിക്ക് കൈമാറുകയും ചെയ്യണമെന്നാണ് പ്രമേയം പറയുന്നത്.''-ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി.