ഗസയിലെ വംശഹത്യയെ എതിര്‍ത്ത ടക്കര്‍ കാള്‍സന്‍ 'ആന്റിസെമിറ്റ് ഓഫ് ദി ഇയര്‍' എന്ന് ഇസ്രായേലി ലോബി
ന്യൂയോര്‍ക്ക്: ഗസയില്‍ ഇസ്രായേല്‍ നടത്തിയ വംശഹത്യയെ എതിര്‍ത്ത വലതുപക്ഷ മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ടക്കര്‍ കാള്‍സന്‍ ആന്റി സെമിറ്റി ഓഫ് ദി ഇയറാണെന്ന് ഇസ്രായേലി ലോബി പ്രഖ്യാപിച്ചു. ഇസ്രായേലിനോട് കടുത്ത എതിര്‍പ്പുള്ളയാളാണ് ടക്കര്‍ കാള്‍സനെന്ന് ഇസ്രായേലി അനുകൂല ലോബി പ്രസ്താനവയില്‍ പറഞ്ഞു. ഗസയില്‍ ഇസ്രായേല്‍ നടത്തിയ വംശഹത്യയില്‍ യുഎസിന് പങ്കുണ്ടെന്ന് ടക്കര്‍ പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. യുഎസിനെയും ട്രംപിനെയും നിയന്ത്രിക്കുന്നത് താനാണെന്ന് പറഞ്ഞ് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ലോകം മുഴുവന്‍ ചുറ്റുകയാണെന്നും ടക്കര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. യുഎസില്‍ ക്രിസ്ത്യാനികള്‍ നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി ക്രിസ്ത്യന്‍ സയണിസമാണെന്ന അഭിപ്രായക്കാരനാണ് ടക്കര്‍. യുഎസിലെ ഇസ്രായേലിന്റെ സ്വാധീനം കുറയ്ക്കുന്നതില്‍ ടക്കര്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് ഇസ്രായേലി അനുകൂല ലോബി വിലയിരുത്തുന്നത്.