ഭാര്യയെ വെട്ടിക്കൊന്ന ശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് അറസ്റ്റില്‍

Update: 2025-03-19 00:41 GMT

കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊല്ലുകയും ഭാര്യയുടെ മാതാപിതാക്കളെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത് രക്ഷപ്പെട്ട പ്രതി യാസിര്‍ അറസ്റ്റില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി പാര്‍ക്കിങില്‍ നിന്നാണ് യാസിര്‍ പിടിയിലായത്. ആക്രമണത്തിനുശേഷം രക്ഷപ്പെട്ട കാറില്‍ത്തന്നെയാണ് ഇയാള്‍ മെഡിക്കല്‍ കോളജിലെത്തിയത്. ഈ കാറിന്റെ നമ്പര്‍ പോലിസ് പ്രചരിപ്പിച്ചിരുന്നു. ഇത് തിരിച്ചറിഞ്ഞ് നാട്ടുകാരാണ് യാസിറിനെ പിടികൂടി മെഡിക്കല്‍ കോളജ് പോലിസിന് കൈമാറിയത്.

ഇന്നലെ വൈകീട്ടോടെയാണ് യാസിര്‍ ഭാര്യ ഷിബില, മാതാപിതാക്കളായ അബ്ദുറഹ്മാന്‍, ഹസീന എന്നിവരെ ആക്രമിച്ചത്. കഴുത്തിന് വെട്ടേറ്റ യാസിറിന്റെ ഭാര്യ ഷിബില ആശുപത്രിയില്‍ എത്തിച്ചതിനുപിന്നാലെ മരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അബ്ദുറഹ്മാന്റെ ആരോഗ്യനില ഗുരുതരമാണ്. ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ഷിബില ദിവസങ്ങള്‍ക്ക് മുമ്പ് യാസിറിനെതിരേ പോലിസില്‍ പരാതി നല്‍കിയിരുന്നു. യാസിര്‍ നിരന്തരം ആക്രമിക്കാറുണ്ട് എന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ കാര്യമായ നടപടിയൊന്നും പോലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നാണ് ആരോപണം. 2020ലാണ് യാസിറിന്റെയും ഷിബിലയുടെയും വിവാഹം നടന്നത്. വിവാഹത്തിന് ശേഷം യാസിര്‍ ഉപദ്രവിക്കുന്നതും തെറി വിളിക്കുന്നതും പതിവാക്കി. സ്വര്‍ണം പണയം വെച്ചെടുത്ത പണം കൊണ്ട് യാസിര്‍ ലഹരി ഉപയോഗിച്ചും മറ്റും ധൂര്‍ത്തടിക്കുകയും ചെയ്തിരുന്നു. ലഹരി ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നതെന്നും ഷിബിലയുടെ പരാതിയിലുണ്ട്. ആക്രമണം പതിവായതോടെ മധ്യസ്ഥത വഹിച്ചാണ് മുന്നോട്ടുപോയത്. എന്നാല്‍ ഫെബ്രുവരിയുടെ തുടക്കത്തില്‍, തന്നെ വീട്ടില്‍ നിന്ന് അടിച്ചിറക്കി. ഇതേ തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് താമസം മാറ്റി.

തന്റെയും മകളുടെയും വസ്ത്രം ഭര്‍തൃവീട്ടില്‍നിന്ന് തിരിച്ചെടുക്കാന്‍ അനുവദിക്കണമെന്നടക്കം ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 28ന് താമരശേരി പോലിസില്‍ ഷിബില പരാതി നല്‍കിയിരുന്നു എന്നു പറയപ്പെടുന്നു.തന്റെയും മകളുടേയും വസ്ത്രങ്ങള്‍ പോലും എടുക്കാന്‍ അനുവദിച്ചില്ല. തന്റെ മാതാപിതാക്കളോട് ആക്രോശിച്ചു. ഇതിന് യാസിറിന്റെ മാതാപിതാക്കളുടെ പിന്തുണയുണ്ടെന്നും ഷിബില പരാതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഷിബിലയുടെ പരാതിയില്‍ പോലിസ് ഉചിതമായ നടപടി സ്വീകരിച്ചിരുന്നില്ല. പോലിസ് യാസിറിനെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു എന്നല്ലാതെ ഒരു തരത്തിലുള്ള നടപടികളും എടുത്തില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഷിബിലയുടെ പരാതിക്ക് പിന്നാലെ യാസിര്‍ ഇവരുടെ വസ്ത്രം കൂട്ടിയിട്ട് കത്തിക്കുകയും അത് സ്റ്റാറ്റസ് ആക്കുകയും ചെയ്തിരുന്നതായും പറയപ്പെടുന്നു. യാസിറിന്റെയും ഷിബിലയുടെയും സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹമായിരുന്നുവെന്ന് വാര്‍ഡ് മെമ്പര്‍ ബെന്നി പറഞ്ഞു.