തിരുവനന്തപുരം: തനിക്കെതിരെ യുവതി പീഡനപരാതി നല്‍കിയതിന് പിന്നാലെ പ്രതികരണവുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. കുറ്റം ചെയ്തിട്ടില്ലാന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തും.സത്യം ജയിക്കുമെന്നും രാഹുലിന്റെ പോസ്റ്റ് പറയുന്നു.
തന്നെ രാഹുല്‍ ഗര്‍ഭിണിയാക്കിയെന്നും പിന്നീട് ഗര്‍ഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ടുവെന്നും അടക്കമുള്ള പരാതിയാണ് യുവതി മുഖ്യമന്ത്രിക്ക് നല്‍കിയിരിക്കുന്നത്. പരാതിയുടെ കൂട്ടത്തില്‍ ചാറ്റുകള്‍ അടക്കം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. പരാതി ലഭിച്ചയുടന്‍ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ എത്തി പരാതി കൈപ്പറ്റി. ക്രൈംബ്രാഞ്ചായിരിക്കും കേസ് അന്വേഷിക്കുക.
അതേസമയം, പരാതിക്കാരിക്ക് പിന്തുണയുമായി മന്ത്രിമാരായ വീണാ ജോര്‍ജും ശിവന്‍കുട്ടിയുമെല്ലാം രംഗത്തെത്തി. പ്രിയപ്പെട്ട സഹോദരി തളരരുത് കേരളം നിനക്കൊപ്പമാണെന്നാണ് വീണാ ജോര്‍ജ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത്. ഞങ്ങള്‍ക്ക് കരുതലുണ്ടെന്നാണ് മന്ത്രി ശിവന്‍കുട്ടിയുടെ പോസ്റ്റ്.