ട്രംപിന്റെ നിലപാടിലെ കാലതാമസം ഇസ്രായേലിന്റെ പരിമിതികളെ തുറന്നുകാട്ടുന്നു: ന്യൂയോര്‍ക്ക് ടൈംസ്

Update: 2025-06-20 16:11 GMT

ന്യൂയോര്‍ക്ക്: ഇറാനെതിരായ സൈനിക നടപടി മാറ്റിവയ്ക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം ഇസ്രായേലിന്റെ സൈനിക പരിധി വെളിപ്പെടുത്തുന്നുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ്. വടക്കന്‍ ഇറാനിലെ ഫോര്‍ഡോ ആണവ കേന്ദ്രം ആക്രമിക്കാന്‍ അമേരിക്ക ഉടന്‍ സഹായിക്കുമെന്നായിരുന്നു ഇസ്രായേല്‍ പ്രതീക്ഷിച്ചിരുന്നത്. മലകള്‍ക്ക് അടിയിലുള്ള ആണവനിലയത്തെ തകര്‍ക്കാന്‍ സാധിച്ചേക്കാവുന്ന പ്രത്യേക ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ യുഎസിന്റെ കൈവശം മാത്രമേ ഉള്ളൂ.

ബാഹ്യ സഹായമില്ലാതെ 'ഇസ്രായേലിന്' ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങളെ ആക്രമിക്കാന്‍ കഴിയില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇറാന്റെ ആണവകേന്ദ്രങ്ങളെല്ലാം ഇസ്രായേല്‍ തകര്‍ക്കുമെന്നും തങ്ങള്‍ക്ക് അതിന് കഴിവുണ്ടെന്നുമാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെടുന്നത്. എന്നാല്‍, ഇസ്രായേലിന് അതിന് ശേഷിയുണ്ടെങ്കില്‍ അത് പണ്ടേ ചെയ്‌തേനെയെന്ന് യുഎസിലെ മുന്‍ ഇസ്രായേലി അംബാസഡറായ ഇറ്റാമര്‍ റാബിനോവിച്ച് പറയുന്നു.

അതേസമയം, ഇറാന്റെ പ്രതിരോധശേഷി 'ഇസ്രായേലിനെ' യുദ്ധത്തിലേക്ക് തള്ളിവിട്ടു. ഇറാന്റെ തുടര്‍ച്ചയായ മിസൈല്‍ ആക്രമണങ്ങള്‍ കാരണം ഇസ്രായേലിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ക്ഷയിച്ചുകൊണ്ടിരിക്കുന്നു. സൈനിക മേഖലകളെ സംരക്ഷിക്കണോ സിവിലിയന്‍ പ്രദേശങ്ങളെ സംരക്ഷിക്കണോ എന്ന ഒരു തിരഞ്ഞെടുപ്പിലേക്ക് ഇത് ഇസ്രായേലിനെ എത്തിച്ചിരിക്കുകയാണ്.

ഒരു ദിവസത്തെ യുദ്ധത്തിന് ഇസ്രായേല്‍ 200 ദശലക്ഷം ഡോളര്‍ ചെലവാക്കുന്നുണ്ടെന്നാണ് വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപോര്‍ട്ട് പറയുന്നത്. ഇതില്‍ അധികവും വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ മിസൈലുകളുടെ ചെലവാണ്. ഡേവിഡ്‌സ് സ്ലിങ്, ആരോ-3 എന്നീ സംവിധാനങ്ങളുടെ മിസൈലുകള്‍ക്ക് നാലു ദശലക്ഷം ഡോളര്‍ വിലവരും. ഒരു മാസം യുദ്ധം നടന്നാല്‍ ഇസ്രായേലിന് ഏകദേശം 1,200 കോടി യുഎസ് ഡോളര്‍ ചെലവ് വരും.

അതേസമയം, യുഎസില്‍ ഇസ്രായേലിനെതിരെ പ്രതിഷേധം രൂപപ്പെടുന്നുണ്ട്. നെതന്യാഹുവിന്റെ ഉദ്ദേശ്യങ്ങളെയും യുദ്ധത്തിലെ മരണങ്ങളെയും കുറിച്ച് യുഎസ് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ ആശങ്ക പ്രകടിപ്പിച്ചു. '' ഇറാനെതിരെ യുദ്ധം ചെയ്യാന്‍ നെതന്യാഹൂ കാലങ്ങളായി ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി അത് തന്നെയാണ് പറയുന്നത്. അത് അധികാരത്തില്‍ തുടരാന്‍ നെതന്യാഹുവിനെ സഹായിക്കും.''-ക്ലിന്റണ്‍ പറഞ്ഞു.

സമാധാന ചര്‍ച്ചകള്‍ ഉപേക്ഷിക്കുന്നതിനെയും ഫലസ്തീന്‍ രാഷ്ട്രം നിഷേധിക്കുന്നതിനെയും ക്ലിന്റണ്‍ വിമര്‍ശിച്ചു. ''ഫലസ്തീനികള്‍ക്ക് രാഷ്ട്രം നല്‍കാന്‍ നെതന്യാഹുവിന്റെ കീഴിലുള്ള ഇസ്രായേലി സര്‍ക്കാരിന് ഉദ്ദേശ്യമില്ല. അതിനാല്‍ അവര്‍ പശ്ചിമേഷ്യയിലെ സമാധാനത്തെ കുറിച്ച് സംസാരിക്കുന്നില്ല.''-ക്ലിന്റണ്‍ വിശദീകരിച്ചു.