ന്യൂയോര്‍ക്കില്‍ വന്നാല്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മംദാനി; നെതന്യാഹുവിനെ രക്ഷിക്കുമെന്ന് ട്രംപ്
വാഷിങ്ടണ്‍: ഗസയിലെ യുദ്ധക്കുറ്റത്തിന് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അറസ്റ്റ് വാറന്റുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ന്യൂയോര്‍ക്ക് നഗരത്തില്‍ വന്നാല്‍ അറസ്റ്റ് ചെയ്യുമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മംദാനി. അടുത്ത വര്‍ഷം ന്യൂയോര്‍ക്ക് നഗരത്തില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ നെതന്യാഹു വന്നാല്‍ അറസ്റ്റ് ചെയ്യുമെന്നാണ് മംദാനി പറഞ്ഞത്.
ഈ പരാമര്‍ശത്തിന് മംദാനിയെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിമര്‍ശിച്ചു. ബെഞ്ചമിന്‍ നെതന്യാഹുവുമായി ഇന്നലെ രാത്രി അത്താഴം കഴിച്ച ശേഷമായിരുന്നു വിമര്‍ശനം. 'മംദാനി സോഷ്യലിസ്റ്റല്ല, ഒരു കമ്മ്യൂണിസ്റ്റാണ്. ജൂത ജനതയെക്കുറിച്ച് അദ്ദേഹം വളരെ മോശമായ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. മംദാനി ഇപ്പോള്‍ ഒരു ചെറിയ ഹണിമൂണിലൂടെയാണ് കടന്നുപോകുന്നത്. അദ്ദേഹം തിരഞ്ഞെടുപ്പില്‍ വിജയിച്ചേക്കാം. പക്ഷേ, ഇവിടെ കാര്യങ്ങളെല്ലാം നടക്കുന്നത് വൈറ്റ്ഹൗസിലൂടെയാണ്. അദ്ദേഹത്തിന് വൈറ്റ്ഹൗസില്‍ നിന്നുള്ള പണം ആവശ്യമാണ്... അദ്ദേഹം നന്നായി പെരുമാറും... അദ്ദേഹം നന്നായി പെരുമാറും, അല്ലെങ്കില്‍ അദ്ദേഹത്തിന് വലിയ പ്രശ്നങ്ങള്‍ ഉണ്ടാകും.''- ട്രംപ് പറഞ്ഞു. നെതന്യാഹുവിനെ താന്‍ രക്ഷിക്കുമെന്നും ട്രംപ് കൂട്ടിചേര്‍ത്തു. അടുത്ത വര്‍ഷം ന്യൂയോര്‍ക്കില്‍ പോവുമോ എന്ന ചോദ്യത്തിന്, ട്രംപിനൊപ്പം സന്ദര്‍ശനം നടത്തുമെന്ന് നെതന്യാഹു പറഞ്ഞു.
അതേസമയം, ബ്രസീല്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ മുന്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സനാരോക്ക് ട്രംപ് പിന്തുണ പ്രഖ്യാപിച്ചു. ബ്രസീലിലെ സുപ്രിംകോടതി ക്രിമിനല്‍ സംഘടനയാണെന്നും ട്രംപ് ആരോപിച്ചു. അധികാരത്തിലിരുന്ന കാലത്ത് ട്രംപിന്റെ കൂട്ടാളിയായിരുന്നു ബോല്‍സനാരോ. അഴിമതിക്കേസിലെ പ്രതിയായ നെതന്യാഹുവിനെതിരായ കേസ് റദ്ദാക്കണമെന്ന് ഇസ്രായേലി പ്രോസിക്യൂട്ടര്‍മാരോടും ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.