നൈല്‍ നദിയിലെ അണക്കെട്ട്: ഈജിപ്തും എത്യോപ്യയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാമെന്ന് ട്രംപ്
വാഷിങ്ടണ്‍: നൈല്‍ നദിയിലെ അണക്കെട്ടിനെ ചൊല്ലി ഈജിപ്തും എത്യോപ്യയും തമ്മിലുള്ള തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എതോപ്യ നിര്‍മിച്ച ഗ്രാന്‍ഡ് എത്യോപ്യന്‍ നവോത്ഥാന ഡാമിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഇടപെടാന്‍ തയ്യാറാണെന്നാണ് ട്രംപ് ഈജിപ്ഷ്യന്‍ പ്രസിഡന്റിന് കത്തയച്ചത്. നൈല്‍ നദിയിലെ ജലം ആരും ഏകപക്ഷീയമായി ഉപയോഗിക്കരുതെന്ന് ട്രംപിന്റെ കത്ത് പറയുന്നു. അണക്കെട്ടില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി നദിയുടെ താഴ്ഭാഗത്തുള്ള രാജ്യങ്ങള്‍ക്ക് നല്‍കണമെന്നും എത്യോപ്യയോട് ട്രംപ് ആവശ്യപ്പെട്ടു.
400 കോടി യുഎസ് ഡോളര്‍ ചെലവില്‍ നിര്‍മിച്ച അണക്കെട്ട് സെപ്റ്റംബറിലാണ് എത്യോപ്യ കമ്മീഷന്‍ ചെയ്തത്. എത്യോപ്യക്ക് ആവശ്യമുള്ളതിന്റെ ഇരട്ടി വൈദ്യുതിയാണ് അണക്കെട്ട് ഉല്‍പ്പാദിപ്പിക്കുന്നത്. ജല ആവശ്യത്തിന്റെ 97 ശതമാനത്തിനും നൈല്‍ നദിയേയാണ് ആശ്രയിക്കുന്നതെന്നും എത്യോപ്യയുടെ നടപടി തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാണെന്നുമാണ് ഈജിപ്ത് പറയുന്നത്. നേരത്തെ വേള്‍ഡ് ബാങ്ക്, റഷ്യ, യുഎഇ, ആഫ്രിക്കന്‍ യൂണിയന്‍ എന്നിവരുടെ മധ്യസ്ഥതയില്‍ നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു. പക്ഷേ, ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായില്ല. ഈ ഡാം ഈജിപ്ത് പൊളിക്കണമെന്നാണ് ആദ്യഭരണകാലത്ത് ട്രംപ് ആവശ്യപ്പെട്ടിരുന്നത്. ഈജിപ്ഷ്യന്‍ ഭരണാധികാരി അബ്ദല്‍ ഫത്ത അല്‍ സീസി തന്റെ പ്രിയ ഏകാധിപതിയാണെന്നാണ് ട്രംപ് പറയുന്നത്.
