വാഷിങ്ടണ്‍: ഗസയില്‍ തടവിലുള്ള ഇസ്രായേലികളെ ഉടന്‍ മോചിപ്പിക്കണമെന്ന് ഹമാസിനും ഫലസ്തീനികള്‍ക്കും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അന്ത്യശാസനം നല്‍കി. തടവുകാരെ മോചിപ്പിച്ചില്ലെങ്കില്‍ ഹമാസും ഫലസ്തീനികളും നരകയാതന അനുഭവിക്കേണ്ടി വരുമെന്ന് സോഷ്യല്‍ മീഡിയയായ എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ ട്രംപ് പറഞ്ഞു. ഗസയില്‍ തടവിലുള്ള യുഎസ് പൗരത്വമുള്ള അഞ്ച് ജൂതന്‍മാരുടെ മോചനവുമായി യുഎസ് പ്രതിനിധികള്‍ ഹമാസുമായി നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഭീഷണി.
ട്രംപിന്റെ പോസ്റ്റ്
'' 'ശാലോം ഹമാസ്' ഇത് ഹലോ ആന്‍ഡ് ഗുഡ്‌ബൈ എന്നാണ് അര്‍ത്ഥമാക്കുന്നത്. ഏതു വേണമെന്ന് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. എല്ലാ തടവുകാരെയും ഉടന്‍ വിട്ടയക്കുക, പിന്നീടേക്ക് വെക്കരുത്. നിങ്ങള്‍ കൊലപ്പെടുത്തിയ എല്ലാവരുടെയും മൃതദേഹങ്ങള്‍ ഉടന്‍ തിരികെ തരുക, അത് ചെയ്യാത്തപക്ഷം നിങ്ങള്‍ തീര്‍ന്നു..... ഇസ്രായേലിന് വേണ്ടതെല്ലാം ഞാന്‍ അയക്കുകയാണ്. ഞാന്‍ പറയുന്നത് പോലെ ചെയ്തില്ലെങ്കില്‍ ഒരു ഹമാസ് അംഗവും സുരക്ഷിതരായിരിക്കില്ല.... ഇത് നിങ്ങള്‍ക്കുള്ള അവസാന മുന്നറിയിപ്പാണ്, നേതൃത്വത്തിന് ഗസ വിടാനുള്ള സമയമാണിത്.. നിങ്ങള്‍ക്ക് ഇപ്പോഴും ഒരു അവസരം ഉണ്ട്. ഗസയിലെ ജനങ്ങളോട്: മനോഹരമായ ഒരു ഭാവി നിങ്ങളെ കാത്തിരിക്കുന്നു, പക്ഷേ, നിങ്ങള്‍ തടവുകാരെ സൂക്ഷിക്കുകയാണെങ്കില്‍ അങ്ങനെയാവില്ല. നിങ്ങള്‍ അങ്ങനെ ചെയ്താല്‍, നിങ്ങള്‍ മരിച്ചു! ബുദ്ധിപൂര്‍വ്വമായ തീരുമാനം എടുക്കുക. ഇപ്പോള്‍ തന്നെ തടവുകാരെ വിടുക, അല്ലെങ്കില്‍ പിന്നീട് നരകയാതന അനുഭവിക്കേണ്ടി വരും.''