ഇറാനെ ആയുധങ്ങൾ നൽകി സഹായിക്കുന്ന രാജ്യങ്ങൾക്ക് കടുത്ത സാമ്പത്തിക നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
സോഷ്യൽ മീഡിയ അക്കൗണ്ട് ആയ ട്രൂത്ത് സോഷ്യലിൽ ആയിരുന്നു ട്രംപിന്റെ ഭീഷണി.
“ഇറാനെ ആയുധങ്ങൾ വിതരണം ചെയ്യുന്ന ഏതൊരു രാജ്യത്തിനും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും ഉടൻ തന്നെ 50% ടാരിഫ് (നികുതി) ഏർപ്പെടുത്തും. ഇതിന് യാതൊരു ഒഴിവുകളും ഉണ്ടായിരിക്കില്ല” എന്നായിരുന്നു ഭീഷണി.
അതേസമയം, അമേരിക്കയും ഇറാനും ദീർഘകാല സമാധാന കരാറിലേക്കുള്ള വഴിയിൽ മുന്നേറുകയാണെന്ന സൂചനകളും ട്രംപ് നൽകിയിരുന്നു. എന്നാൽ, ഇറാന്റെ കൂട്ടാളികൾക്കും പങ്കാളികൾക്കും ഈ കടുത്ത മുന്നറിയിപ്പ് നൽകിയത് ശ്രദ്ധേയമാണ്.
ഈ നീക്കം ആഗോള വ്യാപാരബന്ധങ്ങളിൽ വലിയ പ്രതികൂല സ്വാധീനം ചെലുത്താനിടയുണ്ടെന്നാണ് വിലയിരുത്തൽ.