''യുഎസിലെ ദശലക്ഷക്കണക്കിന് വരുന്ന ക്രിമിനല്‍ കുടിയേറ്റക്കാരെ പുറത്താക്കും; യുഎസില്‍ ഇനി ആണും പെണ്ണും മാത്രമേയുള്ളൂ'': ട്രംപ്

Update: 2025-01-20 17:48 GMT

വാഷിങ്ടണ്‍: യുഎസ് ഇനി കൂടുതല്‍ ശക്തവും മഹത്തരവുമാവുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഓഫിസില്‍ എത്തിയാന്‍ ഉടന്‍ രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തിയില്‍ (മെക്‌സിക്കോ അതിര്‍ത്തി) കുടിയേറ്റത്തിനെതിരേ അടിയന്തിര നടപടികള്‍ സ്വീകരിക്കേണ്ട ഉത്തരവില്‍ ഒപ്പിടുമെന്ന് ട്രംപ് പറഞ്ഞു. യുഎസിലെ എല്ലാ അനധികൃത കുടിയേറ്റവും അവസാനിപ്പിക്കും. ദശലക്ഷക്കണക്കിന് ക്രിമിനല്‍ കുടിയേറ്റക്കാരെ പുറത്താക്കും. അവരെ പിടികൂടി തെക്കന്‍ അതിര്‍ത്തിയിലൂടെ പുറന്തള്ളും.

മെക്‌സിക്കോയിലെ ലഹരി മാഫിയാ സംഘങ്ങളെ വിദേശ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കും. 1798ലെ നിയമപ്രകാരം വിദേശ സംഘങ്ങളെ നിയമവിരുദ്ധമാക്കും. വിലക്കയറ്റം കുറയ്ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. ദേശീയ ഊര്‍ജ എമര്‍ജന്‍സിയും നടപ്പാക്കും. പെട്രോളിയം കൂടുതലായി ഖനനം ചെയ്ത് ഉപയോഗിക്കാന്‍ പോവുന്ന പദ്ധതിയാണ് ഇത്.

ഇനി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രാധാന്യം നല്‍കില്ലെന്നും ട്രംപ് പറഞ്ഞു. വിദേശരാജ്യങ്ങളിലെ കമ്പനികളില്‍ നിന്ന് വേണ്ട രീതിയില്‍ നികുതി ഈടാക്കി രാജ്യത്തെ സമ്പന്നമാക്കും. സര്‍ക്കാരിന്റെ കാര്യക്ഷമതവര്‍ധിപ്പിക്കാന്‍ പ്രത്യേക മന്ത്രാലയം രൂപീകരിക്കും. ആവിഷ്‌കാരസ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ ഉറപ്പാക്കാന്‍ വേണ്ടി മുന്‍സര്‍ക്കാരുകള്‍ കൊണ്ടുവന്ന സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ റദ്ദാക്കും. നഗരങ്ങളില്‍ ക്രമസമാധാനം ഉറപ്പാക്കും. രാജ്യത്ത് ഇനിമുതല്‍ മെറിറ്റിന് പ്രാധാന്യം നല്‍കുന്ന ഭരണകൂടമായിരിക്കും ഉണ്ടാവുക.

ഇനി മുതല്‍ യുഎസില്‍ ആണ്‍, പെണ്‍ എന്നീ ലിംഗങ്ങള്‍ മാത്രമേ ഉണ്ടാവൂയെന്നും ട്രംപ് പറഞ്ഞു. കൊവിഡ് വാക്‌സിനെ എതിര്‍ത്തതിന് സൈന്യത്തില്‍ നിന്ന് പുറത്താക്കിയവരെ തിരികെ കൊണ്ടുവരും. മുന്‍സര്‍ക്കാരിന്റെ ലിബറല്‍ പോളിസി പാലിക്കാത്ത സൈനികര്‍ക്കെതിരെ സ്വീകരിച്ച നടപടികളെല്ലാം റദ്ദാക്കും. ലോകത്തിലെ ഏറ്റവും ശക്തമായ സൈനികസംവിധാനം ഇനി യുഎസ് രൂപീകരിക്കും. പക്ഷേ, യുദ്ധത്തിലേക്ക് പോവാതിരിക്കാന്‍ ശ്രദ്ധിക്കും. യുഎസ് ഇനി സമാധാനത്തിന്റെ നിര്‍മാതാവായിരിക്കും. അധികാരമേല്‍ക്കുന്നതിന് മുമ്പ് തന്നെ പശ്ചിമേഷ്യയിലെ ബന്ദിപ്രശ്‌നം അവസാനിപ്പിച്ചു. മെക്‌സിക്കന്‍ ഉള്‍ക്കടലിന്റെ പേര് ഇനി മുതല്‍ അമേരിക്കന്‍ ഉള്‍ക്കടല്‍ എന്നായിരിക്കും. പാനമ കനാല്‍ പാനമക്ക് വിട്ടുനല്‍കിയ മുന്‍ കരാര്‍ റദ്ദാക്കുമെന്നും ട്രംപ് പറഞ്ഞു. ഇത് രാജ്യത്തിന്റെ വിമോചനമാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്ക് സഹായം നല്‍കാത്ത സര്‍ക്കാരാണ് നിലവിലുണ്ടായിരുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി. ലോസ് എയ്ഞ്ചലസിലെ തീപിടിത്തം തടയാന്‍ കഴിഞ്ഞില്ല. ഇതൊന്നും ഇനി സംഭവിക്കില്ല. കുട്ടികളെ സ്വയം മോശക്കാരായി ചിത്രീകരിക്കുന്ന വിദ്യഭ്യാസ സമ്പ്രാദായം മാറ്റും. ഈ നിമിഷം മുതല്‍ യുഎസിന്റെ സമയമാണ്. സര്‍ക്കാരിന്റെ വിശ്വാസ്യത തിരിച്ചുപിടിക്കും. മുമ്പ് വെടിയേറ്റിട്ടും രക്ഷപ്പെട്ടത് ദൈവനിശ്ചയമാണ്. അമേരിക്കയെ കൂടുതല്‍ മഹത്തരമാക്കാന്‍ ദൈവം തന്നെ ചുമതലപ്പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളില്‍ പ്രതീക്ഷ തിരികെ കൊണ്ടുവരും. കഴിഞ്ഞ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും പ്രധാനതിരഞ്ഞെടുപ്പായി ചരിത്രം വിലയിരുത്തും. ആഫ്രിക്കന്‍ അമേരിക്കക്കാരും ഹിസ്പാനിക് വിഭാഗക്കാരും നല്‍കിയ പിന്തുണ മറക്കില്ല. ഇന്ന് മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെ ഓര്‍മദിവസമാണ്. അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ നടപ്പാവും. ദേശീയ ഐക്യം തിരിച്ചുവരുകയാണ്. രാജ്യത്തെയും ഭരണഘടനയേയും ദൈവത്തേയും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.