എപ്‌സ്റ്റൈന്‍ ഫയലുകള്‍ 30 ദിവസത്തിനുള്ളില്‍ പുറത്തുവിടുമെന്ന് യുഎസ് അറ്റോണി ജനറല്‍

Update: 2025-11-20 02:23 GMT

വാഷിങ്ടണ്‍: ജയിലില്‍ കഴിയവെ ആത്മഹത്യ ചെയ്ത ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈനെ കുറിച്ചുള്ള അന്വേഷണ വിവരങ്ങള്‍ 30 ദിവസത്തിനുള്ളില്‍ പുറത്തുവിടുമെന്ന് യുഎസ് അറ്റോണി ജനറല്‍ പാം ബോണ്ടി. അന്വേഷണ റിപോര്‍ട്ടുകള്‍ പുറത്തുവിടാമെന്ന ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പിട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും കടത്തുകയും ചെയ്ത കേസില്‍ 2008ല്‍ എപ്‌സ്റ്റൈനെ യുഎസ് കോടതി ശിക്ഷിച്ചിരുന്നു. അതിന് മുമ്പുള്ള സമയങ്ങളില്‍ ട്രംപ് അടക്കമുള്ളവരുമായി എപ്‌സ്റ്റൈന്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

അതേസമയം, എപ്സ്റ്റൈനുമായുള്ള ഇ മെയില്‍ പുറത്തുവന്നതിന് പിന്നാലെ യുഎസ് മുന്‍ ട്രഷറി സെക്രട്ടറി ലാറി സമ്മേഴ്സ് ഓപ്പണ്‍ എഐയുടെ ബോര്‍ഡില്‍ നിന്ന് രാജിവച്ചു. ചാറ്റ് ജിപിടി എന്ന എഐ ബോട്ട് നിര്‍മിച്ചത് ഈ കമ്പനിയാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ എപ്സ്റ്റീന്‍ അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് വരെ സമ്മേഴ്സ് എപ്സ്റ്റൈനുമായി ആശയവിനിമയം നടത്തിയതായുള്ള വിവരങ്ങളാണ് പുറത്തുവന്നത്. ബില്‍ ക്ലിന്റന്റെ കീഴില്‍ ട്രഷറി സെക്രട്ടറിയും ബരാക് ഒബാമയുടെ കീഴില്‍ നാഷണല്‍ ഇക്കണോമിക് കൗണ്‍സിലിന്റെ ഡയറക്ടറായുമായിരുന്നു സമ്മേഴ്സ്.