വാഷിങ്ടണ്‍: ഒറിഗണ്‍ സംസ്ഥാനത്തെ പോര്‍ട്ട്‌ലാന്‍ഡിലേക്ക് സൈന്യത്തെ അയച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആന്റിഫ അടക്കമുള്ള ''ആഭ്യന്തര തീവ്രവാദികളില്‍'' നിന്നും തടങ്കല്‍ പാളയങ്ങളെ സംരക്ഷിക്കാനാണ് നടപടിയെന്നും ട്രംപ് സോഷ്യല്‍ മീഡിയയില്‍ അവകാശപ്പെട്ടു. '' ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോമിന്റെ അപേക്ഷ പ്രകാരം യുദ്ധം നടക്കുന്ന പോര്‍ട്ട്‌ലാന്‍ഡിലേക്ക് സൈന്യത്തെ അയക്കാന്‍ യുദ്ധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന് നിര്‍ദേശം നല്‍കി. ആന്റിഫ അടക്കമുള്ള ആഭ്യന്തര തീവ്രവാദികളില്‍ നിന്നും തടങ്കല്‍ പാളയങ്ങളെ സംരക്ഷിക്കാനാണ് നടപടി. ആവശ്യമെങ്കില്‍ പരമാവധി ശക്തി ഉപയോഗിക്കാം.''-ട്രംപ് പറഞ്ഞു.
അനധികൃതമായി യുഎസില്‍ കുടിയേറിയെന്ന് ആരോപിച്ച് ആളുകളെ പൂട്ടിയിടുന്ന ഡള്ളസിലെ തടങ്കല്‍ പാളയത്തിന് നേരെ കഴിഞ്ഞ ദിവസം വെടിവയ്പ് നടന്നിരുന്നു. പോര്‍ട്ട്‌ലാന്‍ഡില്‍ ഫെഡറല്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ട്രംപ് നേരത്തെ തന്നെ പറയുന്നുണ്ട്. അവിടത്തെ അക്രമികളെ തുടച്ചുനീക്കേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു. ഫാസിസ്റ്റ് വിരുദ്ധ ഇടതുപക്ഷ-അനാര്‍ക്കിസ്റ്റ് ഗ്രൂപ്പാണ് ആന്റിഫ. യുഎസ് സര്‍ക്കാരിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളെ അവര്‍ എതിര്‍ക്കുന്നുണ്ട്.