യെമനിലെ വ്യോമാക്രമണം നിര്‍ത്തുമെന്ന് ട്രംപ്

Update: 2025-05-06 16:54 GMT

വാഷിങ്ടണ്‍: യെമനിലെ വ്യോമാക്രമണം നിര്‍ത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പശ്ചിമേഷ്യയിലെ സുപ്രധാന സമുദ്രപാതകളിലെ തടസം നീക്കാമെന്ന് ഹൂത്തികള്‍ അറിയിച്ചെന്ന് ട്രംപ് അവകാശപ്പെട്ടു.പക്ഷെ, ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണത്തിന് ട്രംപ് തയ്യാറായില്ല. എന്നാല്‍, ഇക്കാര്യത്തില്‍ ഹൂത്തികളുടെ വിശദീകരണം വന്നിട്ടില്ല.

പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി, വരാനിരിക്കുന്ന ഒരു സുപ്രധാന പ്രഖ്യാപനത്തെക്കുറിച്ച് ട്രംപ് സൂചന നല്‍കിയിട്ടുണ്ട്. കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. പ്രഖ്യാപനത്തിന്റെ വിഷയം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ട്രംപ് അതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.

''ഞങ്ങള്‍ക്ക് വളരെ വളരെ വലിയ ഒരു പ്രഖ്യാപനം നടത്തേണ്ടിവരും. എത്ര വലുതായാലും... അത് വലുതായിരിക്കും, അത് വളരെ പോസിറ്റീവായിരിക്കും... ഞങ്ങള്‍ പശ്ചിമേഷ്യയിലേക്ക് പോകുന്നതിന് മുമ്പ് വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ തിങ്കളാഴ്ചയോ ആ പ്രഖ്യാപനം നടത്തും. അത് വ്യാപാര കാര്യങ്ങളുമായി ബന്ധപ്പെട്ടതല്ല.''-ട്രംപ് പറഞ്ഞു.

പശ്ചിമേഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി മെയ് 13 മുതല്‍ 16 വരെ സൗദി അറേബ്യ, ഖത്തര്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) എന്നീ രാജ്യങ്ങള്‍ ട്രംപ് സന്ദര്‍ശിക്കുന്നുണ്ട്. മെയ് 14ന് നടക്കുന്ന ഉച്ചകോടിക്കായി ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളുടെ നേതാക്കളെ റിയാദിലേക്ക് ക്ഷണിക്കാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പദ്ധതിയിടുന്നതായും റിപോര്‍ട്ടുകളുണ്ട്.

2023 ഒക്ടോബറിലെ തൂഫാനുല്‍ അഖ്‌സയ്ക്ക് ശേഷം ഫലസ്തീനികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇസ്രായേലിന്റെയും അവരുമായി ബന്ധപ്പെട്ട കപ്പലുകള്‍ക്കും ഹൂത്തികള്‍ ചെങ്കടലില്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇസ്രായേലിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളവും ഹൂത്തികള്‍ ആക്രമിച്ചു. ഇതിന് പകരമെന്ന പേരില്‍ സന്‍ആയിലെ വിമാനത്താവളം ഇസ്രായേലും ആക്രമിച്ചു.