''പശ്ചിമേഷ്യ അപകടകരമായ സ്ഥലമായി മാറാം; സൈനികരെ ഒഴിപ്പിക്കുന്നു''-ട്രംപ്

Update: 2025-06-12 05:59 GMT
പശ്ചിമേഷ്യ അപകടകരമായ സ്ഥലമായി മാറാം; സൈനികരെ ഒഴിപ്പിക്കുന്നു-ട്രംപ്

വാഷിങ്ടണ്‍: പശ്ചിമേഷ്യ അപകടകരമായ സ്ഥലമായി മാറാമെന്നും സൈനികരെ ഒഴിപ്പിക്കുകയാണെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വിക്ടര്‍ ഹ്യൂഗോയുടെ 'പാവങ്ങള്‍' എന്ന നോവലിനെ അടിസ്ഥാനമാക്കി ചിത്രീകരിച്ച 'ലെസ് മിസറബിള്‍സ്' എന്ന മ്യൂസിക്കല്‍ സിനിമ കണ്ട് പുറത്തിറങ്ങുമ്പോളാണ് ട്രംപ് മാധ്യമപ്രവര്‍ത്തകരെ ഇക്കാര്യം അറിയിച്ചത്. സൈനികരെ പശ്ചിമേഷ്യയില്‍ നിന്നും നീക്കം ചെയ്യാന്‍ നോട്ടിസ് നല്‍കിയതായി ട്രംപ് പറഞ്ഞു. ഇറാന്റെ ആക്രമണലക്ഷ്യമായേക്കാവുന്ന ഇറാഖിലെ ക്യാംപുകളില്‍ നിന്നും സൈനികരെ ഇന്നലെ തന്നെ മാറ്റി. കൂടാതെ പശ്ചിമേഷ്യയിലേയുയും കിഴക്കന്‍ യൂറോപ്പിലേയും വടക്കന്‍ ആഫ്രിക്കയിലേയും സൈനികരെയും നീക്കാന്‍ തീരുമാനിച്ചതായി വാഷിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്തു. ഓരോ പ്രദേശത്തെയും എംബസികളുടെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. യുഎസിന്റെ അനുമതിയില്ലാതെ തന്നെ ഇസ്രായേല്‍ ഇറാനെ ആക്രമിക്കുമെന്നാണ് യുഎസിന്റെ വിലയിരുത്തല്‍.

ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ ആക്രമണം നടത്തിയാല്‍ പ്രദേശത്തെ യുഎസ് താവളങ്ങളെ ആക്രമിക്കുമെന്ന് ഇറാന്‍ പ്രതിരോധ മന്ത്രി അസീസ് നസീര്‍സാദേഹ് ഇന്നലെ പറഞ്ഞിരുന്നു. യുഎസിന് സൈനികതാവളം നടത്താന്‍ അനുമതി നല്‍കിയ രാജ്യങ്ങളെ മറ്റൊന്നും ആലോചിക്കാതെ ആക്രമിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന് കീഴില്‍ ഏകദേശം 43,000 സൈനികര്‍ പശ്ചിമേഷ്യയില്‍ ഉണ്ടെന്നാണ് കണക്ക്. കൂടാതെ പന്ത്രണ്ടോളം യുദ്ധക്കപ്പലുകളും വിന്യസിച്ചിട്ടുണ്ട്. ഇവയെല്ലാം പിന്‍വലിക്കുമെന്നാണ് സൂചന.

Similar News