''എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഇറാനെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കും''-ട്രംപ്
വാഷിങ്ടണ്‍: തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഇറാനെ ഭൂമുഖത്തുനിന്നും തുടച്ചുനീക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അവര്‍ അങ്ങനെ ചെയ്യില്ലെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ചെയ്താല്‍ അവരെ ഭൂമുഖത്തുനിന്നു തന്നെ തുടച്ചുനീക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. 2024ലെ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ട്രംപിന് വധഭീഷണിയുണ്ടായിരുന്നു. ഇറാനിലെ സൈനിക ജനറല്‍ കേണല്‍ ഖാസിം സുലൈമാനിയെ 2020ല്‍ യുഎസ് കൊലപ്പെടുത്തിയതിന് പ്രതികാരമായി ട്രംപിനെ കൊല്ലാന്‍ സാധ്യതയുണ്ടെന്നാണ് അറ്റോണി ജനറലായിരുന്ന മെറിക് ഗാരിലാന്‍ഡ് അവകാശപ്പെട്ടിരുന്നത്. ഈ അവകാശവാദം വീണ്ടും ഉയര്‍ത്തിയാണ് ട്രംപിന്റെ ഭീഷണി. '' അവര്‍ അങ്ങനെ ചെയ്യില്ലെന്നാണ് കരുതുന്നത്. അങ്ങനെ ചെയ്യുന്നത് വിഡ്ഡിത്തമായിരിക്കും. അങ്ങനെ ചെയ്താല്‍ അവരെ ഇല്ലാതാക്കാന്‍ ഞാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.''-ട്രംപ് പറഞ്ഞു.