വാഷിങ്ടണ്‍: ഇറാനും ഇസ്രായേലും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍, ട്രംപിന്റെ സോഷ്യല്‍ മീഡിയ കുറിപ്പിനോട് ഇറാനും ഇസ്രയേലും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വെടിനിര്‍ത്തല്‍ സന്നദ്ധത യുഎസാണ് അറിയിച്ചതെന്നും വെടിനിര്‍ത്തലിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സമ്മതം വാങ്ങിയ ഡോണള്‍ഡ് ട്രംപ് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍താനിയുമായി ഫോണില്‍ ബന്ധപ്പെട്ട് ഇറാനുമായി സംസാരിക്കാന്‍ അഭ്യര്‍ഥിക്കുകയായിരുന്നുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
''എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. അടുത്ത ആറു മണിക്കൂറില്‍, അവരുടെ നിലവിലെ ദൗത്യങ്ങള്‍ പൂര്‍ത്തിയായി കഴിയുമ്പോള്‍, ഇറാനും ഇസ്രയേലും തമ്മില്‍ 12 മണിക്കൂര്‍ നീളുന്ന പൂര്‍ണവും സമ്പൂര്‍ണവുമായ വെടിനിര്‍ത്തല്‍ നിലവില്‍ വരും. ആ സമയത്തിനു ശേഷം യുദ്ധം അവസാനിച്ചതായി കണക്കാക്കും. ഔദ്യോഗികമായി ഇറാന്‍ യുദ്ധം അവസാനിപ്പിക്കും. 12 മണിക്കൂറിനു ശേഷം ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കും. 24 മണിക്കൂറിനു ശേഷം, 12 ദിവസത്തെ യുദ്ധത്തിന് ഔദ്യോഗികമായി അവസാനമാകും. ഓരോ വെടിനിര്‍ത്തലിന്റെയും വേളയില്‍ മറുപക്ഷം സമാധാനപരമായി നിലകൊള്ളും. എല്ലാ ശരിയായി പ്രവര്‍ത്തിക്കുമെന്ന ധാരണയില്‍, 12 ദിവസത്തെ യുദ്ധമെന്നു വിളിക്കാവുന്നത് അവസാനിപ്പിക്കാന്‍ ആവശ്യമായ ക്ഷമ, ധൈര്യം, ബുദ്ധി എന്നിവയ്ക്ക് ഇറാനെയും ഇസ്രയേലിനെയും അഭിനന്ദിക്കുന്നു. വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കുകയും മധ്യപൂര്‍വദേശത്തെ മുഴുവന്‍ നശിപ്പിക്കുകയും ചെയ്യാമായിരുന്ന യുദ്ധമായിരുന്നു ഇത്. പക്ഷെ അങ്ങനെ സംഭവിച്ചില്ല, ഒരിക്കലും സംഭവിക്കുകയുമില്ല. ദൈവം ഇസ്രയേലിനെ അനുഗ്രഹിക്കട്ടെ, ദൈവം ഇറാനെ അനുഗ്രഹിക്കട്ടെ, ദൈവം മധ്യപൂര്‍വദേശത്തെ അനുഗ്രഹിക്കട്ടെ, ദൈവം യുഎസിനെ അനുഗ്രഹിക്കട്ടെ, ദൈവം ലോകത്തെ അനുഗ്രഹിക്കട്ടെ''- സോഷ്യല്‍ മീഡിയയായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു.
