'പേര്‍ഷ്യന്‍ ഗള്‍ഫ്' എന്ന പേരുമാറ്റുന്ന കാര്യം പരിഗണിക്കുമെന്ന് ട്രംപ്; പ്രതിഷേധിച്ച് ഇറാന്‍
വാഷിങ്ടണ്‍: ഇറാന്റെയും അറേബ്യന്‍ മുനമ്പിന്റെയും ഇടയിലുള്ള പേര്‍ഷ്യന്‍ ഗള്‍ഫിന്റെ (പേര്‍ഷ്യന്‍ കടലിടുക്ക്) പേര് മാറ്റുന്ന കാര്യം പരിഗണിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൗദിയും ഖത്തറും യുഎഇയും സന്ദര്‍ശിക്കുമ്പോള്‍ അന്തിമതീരുമാനം പ്രഖ്യാപിക്കുമെന്ന് ട്രംപ് പറഞ്ഞു. പേര്‍ഷ്യന്‍ ഗള്‍ഫ് എന്ന പേര് യുഎസ് തുടര്‍ന്നും ഉപയോഗിക്കുമോയെന്ന കാര്യത്തിലാണ് ട്രംപ് തീരുമാനം പ്രഖ്യാപിക്കുക. പേര്‍ഷ്യന്‍ ഗള്‍ഫിനെ അറേബ്യന്‍ ഗള്‍ഫെന്നോ ഗള്‍ഫ് ഓഫ് അറേബ്യ എന്നോ പേരുമാറ്റുമെന്നാണ് യുഎസ് മാധ്യമങ്ങള്‍ സൂചന നല്‍കുന്നത്.
ചരിത്രപരമായി നോക്കുകയാണെങ്കില്‍ ഈ കടലിടുക്കിന്റെ പേര് പേര്‍ഷ്യന്‍ ഗള്‍ഫ് എന്നായിരിക്കണമെന്നാണ് ഇറാന്റെ നിലപാട്. എന്നാല്‍, സൗദിയും യുഎഇയും ഇറാഖും മറ്റു അറബ് രാജ്യങ്ങളും അറേബ്യന്‍ ഗള്‍ഫെന്നോ ദി ഗള്‍ഫ് എന്നോ ആണ് ഉപയോഗിക്കുന്നത്. നേരത്തെ ഇറാഖില്‍ നടന്ന ഒരു ഫുട്‌ബോള്‍ മല്‍സരത്തിന് അറേബ്യന്‍ ഗള്‍ഫ് കപ്പ് എന്ന് പേരിട്ടതിനെ ഇറാന്‍ വിമര്‍ശിച്ചിരുന്നു. ഗൂഗിള്‍ മാപ്പില്‍ ഈ സമുദ്രപാതക്ക് പേരിടാതെ നിര്‍ത്തിയതിനെയും ഇറാന്‍ രൂക്ഷമായി വിമര്‍ശിച്ചു. പേര് മാറ്റിയേക്കാമെന്ന പ്രചാരണത്തെ ഇറാനിയന്‍ ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി വിമര്‍ശിച്ചു. ഇത്തരം ചര്‍ച്ചകള്‍ ഇറാനോടും ഇറാനിയന്‍ പൗരന്‍മാരോടുമുള്ള ശത്രുതാപരമായ മനോഭാവമാണ് വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.അധികാരത്തില്‍ കയറിയ ഉടന്‍ തന്നെ ട്രംപ്, മെക്‌സിക്കന്‍ ഉള്‍ക്കടലിന്റെ പേര് അമേരിക്കന്‍ ഉള്‍ക്കടല്‍ എന്നാക്കി മാറ്റിയിരുന്നു. അമേരിക്കന്‍ ഉള്‍ക്കടല്‍ എന്ന് ഉപയോഗിക്കാത്ത മാധ്യമങ്ങള്‍ക്ക് വൈറ്റ്ഹൗസില്‍ വിലക്കുണ്ട്.
