വെനുസ്വേലയുടെ വ്യോമാതിര്‍ത്തി അടച്ചെന്ന് ട്രംപ്; അധിനിവേശം അടുത്തെന്ന് സൂചന
വാഷിങ്ടണ്‍: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനുസ്വേലയുടെ വ്യോമാതിര്‍ത്തി അടച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എല്ലാ എയര്‍ലൈനുകളും പൈലറ്റുമാരുമെല്ലാം ഇക്കാര്യം മനസില്‍ വയ്ക്കണമെന്ന് ട്രംപ് സോഷ്യല്‍മീഡിയയില്‍ കുറിച്ചു. വിഷയത്തില്‍ വെനുസ്വേല സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. വിഷയത്തില്‍ യുഎസ് യുദ്ധമന്ത്രാലയവും വിശദീകരണം നല്‍കാന്‍ തയ്യാറായില്ല. വെനുസ്വേലക്ക് നേരെയുള്ള ഈ നടപടി ഗൗരവമേറിയ കാര്യമാണെന്ന് യുഎസ് മുന്‍ ലഫ്റ്റനന്റ് ജനറല്‍ ഡേവിഡ് ദെപ്തുല പറഞ്ഞു. 1998-99 കാലത്ത് ഇറാഖിന്റെ വ്യോമാതിര്‍ത്തി അടയ്ക്കുന്നതിന് നേതൃത്വം നല്‍കിയത് ഡേവിഡ് ദെപ്തുലയായിരുന്നു.
വെനുസ്വേലയിലെ നിക്കോളാസ് മധുറെ സര്‍ക്കാരിനെതിരേ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്ക് യുഎസ് സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയാണ് അതിന് നേതൃത്വം നല്‍കുന്നത്. 2025 സെപ്റ്റംബര്‍ മുതല്‍ കരീബിയനിലും പസിഫികിലും യുഎസ് നടത്തിയ ആക്രമണങ്ങളില്‍ 83 വെനുസ്വേലക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.