യുഎസ് സുപ്രീം കോടതി വിധി മുഖവിലയ്‌ക്കെടുക്കാതെ ട്രംപ്; ആഗോള തീരുവ 15 ശതമാനമാക്കി ഉയര്‍ത്തി
വാഷിങ്ടണ്‍: ഇറക്കുമതി തീരുവകള്‍ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച യുഎസ് സുപ്രീം കോടതി വിധിക്ക് പിന്നാലെ ഇറക്കുമതി തീരുവ 15 ശതമാനമാക്കി ഉയര്‍ത്തി ട്രംപ്. കോടതി വിധി മറികടക്കുന്നതിനായി 1974-ലെ ട്രേഡ് ആക്ടിലെ സെഷന്‍ 122 പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് ആഗോള തീരുവ 15% ഉയര്‍ത്തുന്നതായി ഡോണള്‍ഡ് ട്രംപ് അറിയിച്ചത്. നേരത്തെ ഇത് 10 ശതമാനമായിരുന്നു.
ദേശീയ അടിയന്തരാവസ്ഥ നിയമം ഉപയോഗിച്ച് തീരുവ ഉയര്‍ത്തിയത് പ്രസിഡന്റിന്റെ അധികാര പരിധിക്ക് പുറത്തുവരുന്ന കാര്യമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനെ തമാശ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് പുതിയ വഴിയിലൂടെ ട്രംപ് വീണ്ടും താരിഫുകള്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നത്. ഫെബ്രുവരി 24 മുതല്‍ പുതിയ തീരുവകള്‍ നിലവില്‍ വരുമെന്നാണ് കരുതുന്നത്.
അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ സുഗമമായ പ്രവര്‍ത്തനത്തിന് അനിവാര്യമായ ചില ഉത്പ്പന്നങ്ങളെ പുതിയ തീരുവയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അമേരിക്കന്‍ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കുമെല്ലാം ഗുണകരമായ രീതിയില്‍ വ്യാപാര കരാര്‍ പുനഃക്രമീകരിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞു. പതിറ്റാണ്ടുകളായി അമേരിക്കയെ കൊള്ളയടിക്കുന്ന രാജ്യങ്ങള്‍ക്കുള്ള അമേരിക്കയുടെ മറുപടിയാണിതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.