'' ഇന്ത്യയുടെ കൈവശം ധാരാളം പണമുണ്ട്, ഏറ്റവും കൂടുതല്‍ നികുതി പിരിക്കുന്നവരാണ്'' ; ഇന്ത്യയ്ക്കുള്ള സാമ്പത്തിക സഹായം റദ്ദാക്കി ട്രംപ്
വാഷിങ്ടണ്‍: തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നതിനെ ചോദ്യം ചെയ്ത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യക്ക് 182 കോടി രൂപയാണ് യുഎസ് എയിഡ് നല്‍കി കൊണ്ടിരുന്നത്. ഇത് റദ്ദാക്കിയുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു. യുഎസ് സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കല്‍ വിഭാഗമായ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി അഥവാ ഡോജ് ( DOGE) ആണ് ഇന്ത്യയ്ക്കുള്ള ധനസഹായം നിര്‍ത്തലാക്കാനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന് നല്‍കിയത്. ഇതാണ് ട്രംപ് നടപ്പാക്കിയിരിക്കുന്നത്.
''എന്തിനാണ് നമ്മള്‍ ഇന്ത്യയ്ക്ക് പണം കൊടുക്കുന്നത്. അവരുടെ കൈവശം ധാരാളം പണമുണ്ട്. നമ്മളെ സംബന്ധിച്ച് ലോകത്തിലേറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഉയര്‍ന്ന നികുതി മൂലം അമേരിക്കയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ വളരെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ബഹുമാനമുണ്ട്, പക്ഷേ, വോട്ടര്‍മാരുടെ പങ്കാളിത്തമുറപ്പാക്കാന്‍ എന്തിന് പണം കൊടുക്കണം''-ട്രംപ് ചോദിച്ചു.
ഫെബ്രുവരി 16നാണ് ഈലണ്‍ മസ്‌ക് നേതൃത്വം നല്‍കുന്ന ഡോജ് ഇന്ത്യയ്ക്ക് നല്‍കുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചത്. അമേരിക്കന്‍ പൗരന്മാരുടെ നികുതി പണം ഇത്തരം കാര്യങ്ങള്‍ക്ക് ചെലവഴിക്കാനുള്ളതല്ല എന്ന് വ്യക്തമാക്കിയാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് വിവിധ പേരില്‍ നല്‍കിയിരുന്ന സാമ്പത്തിക സഹായം ഡോജ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്.
