''ഖത്തറിനെ ആക്രമിക്കുന്നവരെ സൈനികമായി നേരിടും''; എക്‌സിക്യൂട്ടിവ് ഉത്തരവില്‍ ഒപ്പിട്ട് യുഎസ് പ്രസിഡന്റ്
വാഷിങ്ടണ്‍: ഖത്തറിനെതിരായ ആക്രമണങ്ങളെ യുഎസിനെതിരായ ആക്രമണമായി കണക്കാക്കുന്ന ഉത്തരവില്‍ ഒപ്പിട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആരെങ്കിലും ഖത്തറിനെ ആക്രമിച്ചാല്‍ സൈനിക നടപടികള്‍ അടക്കം സ്വീകരിക്കണമെന്ന ഉത്തരവിലാണ് ട്രംപ് ഒപ്പിട്ടത്. കഴിഞ്ഞ മാസം യുഎസിന്റെ ഏറ്റവും പ്രമുഖ സഖ്യകക്ഷിയായ ഇസ്രായേല്‍ ഖത്തര്‍ തലസ്ഥാനമായ ദോഹ ആക്രമിച്ചിരുന്നു. അതില്‍ ഖത്തര്‍ പ്രതിഷേധിക്കുകയും ചെയ്തു. തുടര്‍ന്നാണ് യുഎസ് പുതിയ ഉത്തരവ് ഇറക്കിയത്. യുഎസും ഖത്തറും തമ്മില്‍ അടുത്ത സഹകരണമുണ്ടെന്ന് ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു. ''സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പിന്തുടരുന്ന ഉറച്ച സഖ്യകക്ഷിയാണ് ഖത്തര്‍. ആഗോള സംഘര്‍ഷങ്ങളില്‍ മധ്യസ്ഥത വഹിക്കുന്നതില്‍ അവര്‍ യുഎസിനെ പിന്തുണച്ചു. ഈ ചരിത്രത്തെ അംഗീകരിച്ചും, വിദേശ ആക്രമണത്താല്‍ ഖത്തര്‍ നേരിടുന്ന തുടര്‍ച്ചയായ ഭീഷണികളുടെ വെളിച്ചത്തിലും ബാഹ്യ ആക്രമണത്തിനെതിരെ ഖത്തറിന്റെ സുരക്ഷയും പ്രാദേശിക സമഗ്രതയും ഉറപ്പ് വരുത്തുക എന്നത് അമേരിക്കയുടെ നയമാണ്.''-ട്രംപ് പറഞ്ഞു.