വാഷിങ്ടണ്‍: റഷ്യയുമായി യുദ്ധത്തിലുള്ള യുക്രൈയ്‌നുള്ള സൈനികസഹായം മരവിപ്പിച്ച് യുഎസ് ഭരണകൂടം. കഴിഞ്ഞ ദിവസം യുഎസിലെത്തിയ യുക്രൈയ്ന്‍ പ്രസിഡന്റ് വൊളൊദിമിര്‍ സെലെന്‍സ്‌കിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. യുദ്ധത്തില്‍ തോറ്റുകൊണ്ടിരിക്കുന്ന യുക്രൈയ്ന്‍ റഷ്യയുമായി വെടിനിര്‍ത്തല്‍ കരാറുണ്ടാക്കണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം. ഇതിനോട് സെലെന്‍സ്‌കി വിയോജിപ്പ് പ്രകടിപ്പിച്ചതാണ് വാക്കുതര്‍ക്കത്തിന് കാരണമായത്. ഇതേതുടര്‍ന്നാണ് യുക്രൈയ്‌നുള്ള സൈനികസഹായം യുഎസ് മരവിപ്പിച്ചിരിക്കുന്നത്.
പുതിയ തീരുമാനം യുദ്ധം അവസാനിപ്പിക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നതെന്ന് വൈറ്റ്ഹൗസ് വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. 2022 മുതല്‍ 119.7 ബില്യണ്‍ ഡോളറിന്റെ (1,04,53,17,16,30,860 രൂപ) സഹായമാണ് യുഎസ് യുക്രൈയ്‌ന് നല്‍കിയിരിക്കുന്നത്. ഇതില്‍ അധികവും അത്യാധുനിക മിസൈലുകളും ഡ്രോണുകളുമാണ്. ഇവ ഉപയോഗിച്ചാണ് യുക്രൈയ്ന്‍ സൈന്യം റഷ്യന്‍ ടാങ്കുകളെയും യുദ്ധക്കപ്പലുകളെയും ആക്രമിച്ചിരുന്നത്. യുഎസ് സഹായം നിലക്കുന്ന സാഹചര്യത്തില്‍ യുക്രൈയ്‌ന് മതിയായ ആയുധങ്ങളും സഹായങ്ങളും നല്‍കാനാണ് യൂറോപ്യന്‍ യൂണിയന്റെ തീരുമാനം.
