വാഷിങ്ടണ്‍: റഷ്യയ്ക്ക് സമീപം രണ്ട് ആണവ അന്തര്‍വാഹിനികള്‍ വിന്യസിച്ച് യുഎസ്. യുക്രൈയ്‌നും റഷ്യയും തമ്മില്‍ നടക്കുന്ന യുദ്ധം നിര്‍ത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, റഷ്യയുടെ മുന്‍ പ്രസിഡന്റും സുരക്ഷാ സമിതി ഡെപ്യൂട്ടി ചെയര്‍മാനുമായ ദിമിത്രി മെദ്‌വെദേവ് ഇതിനെ പരിഹസിച്ചു. അന്തിമ പരിഹാരമായി സോവിയറ്റ് കാലത്തെ ആണവശേഷി റഷ്യക്കുണ്ടെന്നാണ് ദിമിത്രി പറഞ്ഞത്. ഇതോടെ വായില്‍ തോന്നിയത് പറയരുതെന്ന് ട്രംപ് ആവശ്യപ്പെട്ടു. അതിന് ശേഷമാണ് രണ്ട് ആണവ അന്തര്‍വാഹിനകള്‍ റഷ്യയ്ക്ക് സമീപം വിന്യസിക്കാന്‍ നിര്‍ദേശിച്ചത്.
റഷ്യയ്ക്ക് സമീപം നിലവില്‍ തന്നെ യുഎസിന്റെ ആണവ അന്തര്‍വാഹിനികളുണ്ട്. അതില്‍ പലതരം ആണവായുധങ്ങളും മിസൈലുകളുമുണ്ട്. നിലവില്‍ യുഎസിന്റെ കൈവശം ഒഹായോ ക്ലാസിലുള്ള 14 ആണവ അന്തര്‍വാഹിനികളാണുള്ളത്. അവയില്‍ ഓരോന്നിലും തെര്‍മോ ന്യൂക്ലിയര്‍ പോര്‍മുന ഘടിപ്പിക്കാവുന്ന 24 മിസൈലുകളുമുണ്ട്. 7,400 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യങ്ങളെ നശിപ്പിക്കാന്‍ അവയ്ക്കാവും.