''ട്രംപ് കാണിച്ചത് നന്ദികേട്, താന്‍ പിന്തുണച്ചില്ലെങ്കില്‍ തോറ്റേനെ''- ഇലോണ്‍ മസ്‌ക്
വാഷിങ്ടണ്‍: ഇലോണ്‍ മസ്‌കുമായുള്ള തന്റെ ബന്ധം നല്ലരീതിയില്‍ പോകുമെന്നു കരുതുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ ബജറ്റ് ബില്ലിനെ മസ്‌ക് വിമര്‍ശിച്ചത് വളരെ നിരാശയുണ്ടാക്കുന്നതാണെന്ന് ട്രംപ് പറഞ്ഞു. ട്രംപം 'മനോഹരബില്‍' എന്ന് വിളിക്കുന്ന ബില്‍ അറപ്പുളവാക്കുംവിധം മ്ലേച്ഛമാണെന്നാണ് മസ്‌ക് കഴിഞ്ഞദിവസം പറഞ്ഞത്.
''മസ്‌കും ഞാനും തമ്മിലുണ്ടായിരുന്നത് വളരെ നല്ല ബന്ധമാണ്. ഇനി അതുണ്ടാകുമോയെന്ന് അറിയില്ല. ഇവിടെയിരിക്കുന്ന മറ്റാരെക്കാളും ബജറ്റ് ബില്ലിന്റെ ഉള്ളവും പിന്നിലെ പ്രവര്‍ത്തനവും മസ്‌കിനറിയാം. പെട്ടെന്ന് അദ്ദേഹത്തിന് അത് പ്രശ്‌നമായിത്തീര്‍ന്നു.''- ട്രംപ് പറഞ്ഞു. ഇതിന് പിന്നാലെ ട്രംപിനെ വിമര്‍ശിച്ച് മസ്‌കും രംഗത്തെത്തി. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ പിന്തുണച്ചിരുന്നില്ലെങ്കില്‍ ട്രംപ് തോറ്റേനെയെന്ന് മസ്‌ക് പ്രതികരിച്ചു. ജെഫ്രി എപ്‌സ്‌റ്റൈന്‍ ബാലപീഡന പരമ്പരയില്‍ ട്രംപിനു പങ്കുണ്ടെന്നും അതുകൊണ്ടാണ് കേസ് റിപോര്‍ട്ട് രഹസ്യമാക്കി വച്ചിരിക്കുന്നതെന്നും മസ്‌ക് ആരോപിച്ചു. പീഡനക്കേസില്‍ വിചാരണ നേരിടുന്നതിനിടെ 2019ല്‍ ജയിലില്‍ ജീവനൊടുക്കിയ യുഎസ് ശതകോടീശ്വരന്‍ ജെഫ്രി എപ്‌സ്‌റ്റൈന്റെ ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെട്ടതാണ് വിവാദമായ കേസ്.