മംദാനി കൈകൊണ്ട് ഭക്ഷണം കഴിച്ചത് അമേരിക്കന്‍ വിരുദ്ധമെന്ന് റിപ്പബ്ലിക്കന്‍ നേതാവ്; ട്രംപ് പിസ കഴിക്കുന്ന ചിത്രം പങ്കുവച്ച് ഡെമോക്രാറ്റുകള്‍

Update: 2025-07-01 13:37 GMT

ന്യൂയോര്‍ക്ക്: യുഎസിലെ ന്യൂയോര്‍ക്ക് നഗരത്തിന്റെ മേയറാവാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിക്കുന്ന സൊഹ്‌റാന്‍ മംദാനിക്കെതിരെ വംശീയ കാംപയിനുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ്.ഉഗാണ്ടയില്‍ ജീവിക്കുന്ന കാലത്ത് കൈകൊണ്ട് സലാഡ് കഴിക്കാറുണ്ടായിരുന്നുവെന്നും ഇപ്പോഴും കൈ കൊണ്ട് ഭക്ഷണം കഴിക്കാറുണ്ടെന്നും പറയുന്ന വീഡിയോ സൊഹ്‌റാന്‍ മംദാനി പുറത്തുവിട്ടിരുന്നു. ഇതിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കോണ്‍ഗ്രസ് അംഗം ബ്രാന്‍ഡണ്‍ ഗില്‍ രംഗത്തെത്തി.

'' അമേരിക്കയിലെ പരിഷ്‌കൃതരായ ആളുകള്‍ ഇതുപോലെ ഭക്ഷണം കഴിക്കാറില്ല. പാശ്ചാത്യ ആചാരങ്ങള്‍ സ്വീകരിക്കാന്‍ നിങ്ങള്‍ വിസമ്മതിക്കുന്നുവെങ്കില്‍, മൂന്നാം ലോകത്തിലേക്ക് മടങ്ങുക.''-എന്നാണ് ബ്രാന്‍ഡണ്‍ ഗില്‍ എക്‌സില്‍ പോസ്റ്റിട്ടത്. എന്റെ നായ്ക്കള്‍ കൊച്ചു ....നേക്കാള്‍ വൃത്തിയുള്ളവരും സംസ്‌കാരമുള്ളവരുമാണെന്ന് വലതുപക്ഷ ഇന്‍ഫ്‌ളുവന്‍സര്‍ ലോറ പോസ്റ്റിട്ടു. ഇതേതുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.


 


ടാക്കോസ്, ഫ്രഞ്ച് ഫ്രൈ, ബര്‍ഗര്‍, പിസ, ലേയ്‌സ് എന്നിവ ഫോര്‍ക്ക് കൊണ്ടാണ് തിന്നാറ് എന്ന് നിരവധി പേര്‍ ചോദിച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിസയും ഫ്രഞ്ച് ഫ്രൈസും കൈകൊണ്ട് കഴിക്കുന്നതിന്റെ ചിത്രങ്ങളും ഡെമോക്രാറ്റുകള്‍ പങ്കുവയ്ക്കുന്നു.