ഇസ്രായേല്‍ തകര്‍ത്ത ഗസയുടെ പുനര്‍നിര്‍മാണം: കരാറുകള്‍ക്ക് ശ്രമിച്ച് ട്രംപിന്റെ പിന്തുണയുള്ള കമ്പനികള്‍
ഗസ സിറ്റി: ഇസ്രായേലി സൈന്യം തകര്‍ത്ത ഗസയുടെ പുനര്‍നിര്‍മാണത്തില്‍ കരാറുകള്‍ ലഭിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ബന്ധമുള്ള കമ്പനികള്‍ ശ്രമിക്കുന്നതായി റിപോര്‍ട്ട്. യുഎസിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളുടെ ഉടമസ്ഥതയിലുള്ള വലിയ നിര്‍മാണ കമ്പനികളാണ് കരാറുകള്‍ക്ക് ശ്രമിക്കുന്നത്. കൂടാതെ മാനുഷിക സഹായങ്ങള്‍ കൈകാര്യം ചെയ്യാനും യുഎസ് കമ്പനികള്‍ ശ്രമിക്കുന്നു. ഏകദേശം 6.35 ലക്ഷം കോടി രൂപയുടെ പുനര്‍നിര്‍മാണം ഗസയില്‍ വേണ്ടി വരുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൂട്ടല്‍. ഇതിന്റെ വലിയൊരു ഭാഗം നേടിയെടുക്കാനാണ് യുഎസ് കമ്പനികളുടെ നീക്കം.
ഗസയുടെ പുനര്‍നിര്‍മാണം, മാനുഷിക സഹായം നല്‍കല്‍ എന്നിവ നിയന്ത്രിക്കാന്‍ ഗസ ടാസ്‌ക് ഫോഴ്‌സ് എന്ന പേരില്‍ യുഎസ് സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. ട്രംപിന്റെ മരുമകനും ബിസിനസുകാരനുമായ ജെയര്‍ കുഷ്‌നര്‍, പശ്ചിമേഷ്യയിലെ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ഇസ്രായേലുമായി അറബ് രാജ്യങ്ങളെ ബന്ധിപ്പിക്കാനുള്ള എബ്രഹാം ഉടമ്പടി സമാധാന ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സിഇഒ ആരയാഹ് ലൈറ്റ്‌സ്‌റ്റോണ്‍ എന്നിവരാണ് ഈ സമിതിക്ക് നേതൃത്വം നല്‍കുന്നത്. യുഎസ് സര്‍ക്കാരിലെ ചെലവ് വെട്ടിക്കുറയ്ക്കാന്‍ ആദ്യകാലത്ത് ട്രംപ് രൂപീകരിച്ച ഡോജ് വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥരാണ് സഹായ നടപടികളിലെയും പുനര്‍നിര്‍മാണത്തിലെയും നയങ്ങള്‍ രൂപീകരിക്കുക. ജോഷ് ഗ്രുവെന്‍ബാം, ആദം ഹോഫ്മാന്‍ എന്നിവരാണ് ഇവര്‍.
ഗോത്തം എല്‍എല്‍സി എന്ന കമ്പനി കരാറിനായി ശക്തമായി ശ്രമിക്കുന്നതായും റിപോര്‍ട്ടുകള്‍ പറയുന്നു. വിദേശികളെന്ന് കരുതുന്നവരെ പൂട്ടിയിടാന്‍ ഫ്‌ളോറിഡയില്‍ തടങ്കല്‍പ്പാളയം നിര്‍മിച്ച കമ്പനിയാണിത്. ഈ തടങ്കല്‍പ്പാളയം നിര്‍മിക്കാന്‍ 299 കോടി രൂപയുടെ കരാറാണ് ഗോത്തം എല്‍എല്‍സിക്ക് ലഭിച്ചിരുന്നത്.
തങ്ങള്‍ തന്നെ ബോംബിട്ട് തകര്‍ത്ത രാജ്യങ്ങളിലെ പുനര്‍നിര്‍മാണം യുഎസ് കമ്പനികള്‍ നടത്തുന്നത് ഒറ്റപ്പെട്ട സംഭവമല്ല. ഇറാഖിലും അഫ്ഗാനിസ്ഥാനിലുമെല്ലാം യുഎസ് അത്തരത്തിലാണ് പ്രവര്‍ത്തിച്ചത്. ഗസയില്‍ വംശഹത്യ നടത്താനും കെട്ടിടങ്ങള്‍ തകര്‍ക്കാനും ഇസ്രായേലിന് യുദ്ധവിമാനങ്ങളും ബോംബുകളും മിസൈലുകളും നല്‍കിയത് യുഎസായിരുന്നു. ഇപ്പോള്‍ അവര്‍ പുനര്‍നിര്‍മാണത്തിനും എത്തുന്നു.

