വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാളെ സൗദി അറേബ്യയില്‍ എത്തും. റിയാദില്‍ എത്തുന്ന ട്രംപ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച്ച നടത്തും. 14ന് ഗള്‍ഫ് നേതാക്കളുടെ ഉച്ചകോടിയില്‍ പങ്കെടുക്കും. അതിന് ശേഷം ഖത്തറില്‍ എത്തും. പതിനഞ്ചിന് യുഎഇ സന്ദര്‍ശനവും പൂര്‍ത്തിയാക്കും.
യുഎസ് പ്രസിഡന്റുമാരുടെ പശ്ചിമേഷ്യന്‍ സന്ദര്‍ശനം പൊതുവില്‍ വലിയ രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ക്ക് വഴിവെക്കാറുണ്ട്. പശ്ചിമേഷ്യന്‍ സന്ദര്‍ശത്തില്‍ താന്‍ വലിയൊരു പ്രഖ്യാപനം നടത്തുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. അത് എന്തായിരിക്കും എന്നറിയാന്‍ ലോകം കാതോര്‍ക്കുകയാണ്. രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ക്ക് പുറമെ നിരവധി വന്‍കിട ബിസിനസ് ഡീലുകളുമായാണ് ട്രംപ് എത്തുകയെന്ന് യുഎസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ആണവോര്‍ജം, നിര്‍മിത ബുദ്ധി, ആയുധങ്ങള്‍, വിദേശനിക്ഷേപം തുടങ്ങി വിവിധ മേഖലകളില്‍ മൂന്നു രാജ്യങ്ങളുമായും ട്രംപ് കരാര്‍ ഒപ്പിടും.
യുഎസുമായി സമഗ്രമായ ഒരു പ്രതിരോധ കരാര്‍ ഒപ്പിടാന്‍ സൗദിക്ക് താല്‍പര്യമുണ്ട്. ഈ കരാര്‍ നടപ്പാവണമെങ്കില്‍ ഇസ്രായേലുമായി നല്ല ബന്ധമുണ്ടാക്കണമെന്നാണ് യുഎസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, തൂഫാനുല്‍ അഖ്‌സയ്ക്ക് ശേഷമുണ്ടായ സംഭവ വികാസങ്ങളെ തുടര്‍ന്ന് ഇസ്രായേലുമായി സഹകരിക്കാനാവില്ലെന്ന നിലപാട് സൗദി സ്വീകരിക്കേണ്ടി വന്നു. ഇനി പന്ത് യുഎസിന്റെ കോര്‍ട്ടിലാണ്.
യുഎസുമായി സിവില്‍ ആണവകരാറില്‍ ഒപ്പിടാനും സൗദിക്ക് ആഗ്രഹമുണ്ട്. ഇതോടെ സൗദി അറേബ്യക്ക് സ്വന്തമായി യുറേനിയം സമ്പുഷ്ടീകരണം തുടങ്ങാം. എന്നാല്‍, ഇത്തരത്തില്‍ സമ്പുഷ്ടീകരിക്കുന്ന യുറേനിയം ആണവായുധം നിര്‍മിക്കാനും ഉപയോഗിക്കാം എന്നതിനാല്‍ യുഎസിനും ഇസ്രായേലിനും ആശങ്കയുണ്ട്. എന്നാല്‍, ഈ ആണവ പദ്ധതികളില്‍ യുഎസ് കമ്പനികള്‍ക്ക് വലിയ കരാറുകള്‍ നല്‍കാമെന്ന് സൗദി ഉറപ്പുനല്‍കിയാല്‍ ട്രംപ് നിലപാട് മാറ്റിയേക്കാം.
നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ട് യുഎസുമായി വലിയ കരാറുകളില്‍ ഒപ്പിടാന്‍ യുഎഇക്ക് താല്‍പര്യമുണ്ട്.1.4 ട്രില്യണ്‍ യുഎസ് ഡോളറിന്റെ എഐ പദ്ധതികള്‍ക്കാണ് മാര്‍ച്ചില്‍ യുഎഇ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നത്. എന്നാല്‍, യുഎസ് കമ്പനികള്‍ നിര്‍മിക്കുന്ന അത്യാധുനിക മൈക്രോ ചിപ്പുകളില്ലാതെ യുഎഇക്ക് നിര്‍മിത ബുദ്ധിയില്‍ മികവ് നേടാനാവില്ല.
ഖത്തറുമായി 1992ല്‍ ഒപ്പിട്ട പ്രതിരോധ കരാര്‍ ഇത്തവണ കൂടുതല്‍ ശക്തമായി പുതുക്കാന്‍ സാധ്യതയുണ്ട്. 2022ല്‍ ഖത്തറിനെ പ്രധാന നാറ്റോ ഇതര സഖ്യകക്ഷിയായി യുഎസ് പ്രഖ്യാപിച്ചിരുന്നു. അഫ്ഗാനിസ്ഥാന്‍ മുതല്‍ ഗസ വരെയുള്ള സംഘര്‍ഷങ്ങളില്‍ യുഎസിനെ സഹായിക്കുന്ന നിലപാടുകള്‍ ഖത്തര്‍ സ്വീകരിക്കുകയും ചെയ്തു. സിറിയ വിഷയം ഖത്തറുമായുള്ള ചര്‍ച്ചയില്‍ യുഎസ് ഉയര്‍ത്തുമെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. സിറിയക്കെതിരായ ഉപരോധം അവസാനിപ്പിക്കാന്‍ ഖത്തര്‍ യുഎസിനോട് ആവശ്യപ്പെടാം.ട്രംപിന് സഞ്ചരിക്കാന്‍ ബോയിങ് 747 ജംബോ ജെറ്റ് നല്‍കാനും ഖത്തര്‍ ഒരുങ്ങുകയാണ്.

