
വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെത്തുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഖത്തര്‍ അമീറിന്റെ കുടുബം ഒരു ജംബോ ജെറ്റ് നല്‍കുമെന്ന് റിപോര്‍ട്ട്. ബോയിങ് 747-8 ജംബോ ജെറ്റായിരിക്കും നല്‍കുക. ഇതിനെ യുഎസ് പ്രസിഡന്റ് സഞ്ചരിക്കുന്ന എയര്‍ഫോഴ്‌സ്-വണ്‍ വിമാനമാക്കി മാറ്റും. നിലവില്‍ ട്രംപ് സഞ്ചരിക്കുന്ന എയര്‍ഫോഴ്‌സ്-വണ്‍ വിമാനം ബോയിങ്-747 ജംബോ ജെറ്റിനെ ഭേദഗതി വരുത്തിയതാണ്. ഇതിന് ഏകദേശം 30 വര്‍ഷം പഴക്കമുണ്ട്. പുതിയ വിമാനത്തിന് യുഎസ് സര്‍ക്കാര്‍ ബോയിങ് കമ്പനിയില്‍ ഓര്‍ഡര്‍ നല്‍കിയെങ്കിലും ഡെലിവറി വൈകും.
ഇനി ഖത്തറിന്റെ വിമാനം കിട്ടിയാല്‍ തന്നെ അതില്‍ നിരവധി മാറ്റങ്ങള്‍ വരുത്തണം. സുരക്ഷിത ആശയവിനിമയ സംവിധാനം, മിസൈല്‍ പ്രതിരോധ സംവിധാനം, റേഡിയേഷന്‍ വിരുദ്ധ സംവിധാനം, സൈന്യത്തിനും സര്‍ക്കാരിനും ഏതു സമയത്തും സന്ദേശം നല്‍കാനുള്ള സംവിധാനം തുടങ്ങിയവ ഉള്‍പ്പെടുത്തണം.
അതേസമയം, യുഎസ് പ്രസിഡന്റ് ഒരു വിദേശരാജ്യത്തില്‍ നിന്നും വിമാനം സ്വീകരിക്കുന്നത് നിയമപരമായി ശരിയാണോ എന്ന കാര്യത്തില്‍ യുഎസില്‍ ചര്‍ച്ച നടക്കുകയാണ്. കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ഭരണാധികാരികള്‍ സമ്മാനങ്ങളും പദവികളും സ്വീകരിക്കരുതെന്നാണ് യുഎസ് ഭരണഘടന പറയുന്നത്. അമേരിക്ക ആദ്യം എന്നു പറയുന്ന ട്രംപ് ഖത്തര്‍ നല്‍കിയ വിമാനത്തില്‍ കറങ്ങുന്നത് ശരിയല്ലെന്ന് ന്യൂയോര്‍ക്കില്‍ നിന്നുള്ള ഡെമോക്രാറ്റിക് അംഗം പരിഹസിച്ചു. വരുമാനവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ലംഘിച്ച ട്രംപിനെതിരെ കഴിഞ്ഞ ഭരണകാലത്ത് നിരവധി കേസുകളുണ്ടായിരുന്നു. പശ്ചിമേഷ്യയില്‍ ട്രംപിന് ബിസിനസ് താല്‍പര്യങ്ങളുണ്ട്. ഖത്തരി ദിയര്‍ എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ പങ്കാളിത്തത്തോടെ ഖത്തറില്‍ ഒരു ആഡംബര ഗോള്‍ഫ് റിസോര്‍ട്ട് നിര്‍മ്മിക്കുന്നതിനുള്ള പുതിയ കരാര്‍ ഇതില്‍ ഉള്‍പ്പെടുന്നു.