വെടിനിര്‍ത്തലില്‍ അവകാശവാദം ഉന്നയിച്ച് യുഎസ്; പാകിസ്താന്റ ആവശ്യപ്രകാരമാണ് വെടിനിര്‍ത്തലെന്ന് എസ് ജയശങ്കര്‍

Update: 2025-05-10 13:43 GMT

ന്യൂഡല്‍ഹി: പാകിസ്താനുമായി കഴിഞ്ഞ മൂന്നു ദിവസമായി നടന്നുവന്ന സംഘര്‍ഷം അവസാനിപ്പിച്ചത് പാകിസ്താന്റെ ആവശ്യപ്രകാരമാണെന്ന് ഇന്ത്യ. പാകിസ്താന്റെ ഡിജി മിലിട്ടറി ഓപ്പറേഷന്‍, ഇന്ത്യന്‍ ഡിജി മിലിട്ടറി ഓപ്പറേഷനെ ഉച്ചകഴിഞ്ഞ് 3.35ന് വിളിച്ചിരുന്നുവെന്നും കര-നാവിക-വ്യോമ മേഖലകളില്‍ ഇന്ന് അഞ്ച് മണിമുതല്‍ വെടിനിര്‍ത്താന്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായെന്നുമാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍, യുഎസ് മധ്യസ്ഥതയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തലിലേക്ക് നയിച്ചതെന്നായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം.



 


 

48 മണിക്കൂര്‍ നേരം ഇരുരാജ്യങ്ങളുമായും ചര്‍ച്ച നടത്തിയെന്നും മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും നേതൃത്വം നല്‍കിയെന്നുമാണ് യുഎസിന്റെ അവകാശവാദം.



 

യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും പാകിസ്താന്‍ സൈനിക മേധാവി അസിം മുനീറുമായും ചര്‍ച്ച നടത്തിയിരുന്നുവെന്ന് നേരത്തെ റിപോര്‍ട്ടുകളുണ്ടായിരുന്നു.ഇന്ത്യയും പാകിസ്താനും തമ്മില്‍ വെടിനിര്‍ത്തലുണ്ടാവുമെന്ന് ആദ്യം പ്രഖ്യാപിച്ചത് ട്രംപാണ്.

വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ എക്‌സ് കുറിപ്പിലും യുഎസിന്റെ മധ്യസ്ഥ ശ്രമത്തെ പറ്റി പരാമര്‍ശിക്കുന്നില്ല.


''വെടിവയ്പ്പും സൈനിക നടപടിയും നിര്‍ത്തലാക്കുന്നതിനുള്ള ഒരു ധാരണയിലേക്ക് ഇന്ത്യയും പാകിസ്താനും ഇന്ന് എത്തിച്ചേര്‍ന്നു. എല്ലാ രൂപത്തിലുമുള്ള ഭീകരതയ്‌ക്കെതിരെ ഇന്ത്യ വിട്ടുവീഴ്ചയില്ലാത്ത നിലപാട് പുലര്‍ത്തിയിട്ടുണ്ട്. അത് അങ്ങനെ തന്നെ തുടരും.''- ജയശങ്കര്‍ എക്‌സില്‍ കുറിച്ചു.