വെനുസ്വേലയില്‍ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സിഐഎക്ക് അനുമതി നല്‍കി ട്രംപ്
വാഷിങ്ടണ്‍: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനുസ്വേലയിലെ ഇടതുസര്‍ക്കാരിനെതിരെ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎക്ക് അനുമതി നല്‍കിയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കരവഴിയുള്ള സൈനിക ആക്രമണത്തിന്റെ കാര്യം പരിഗണനയിലുണ്ടെന്നും ട്രംപ് പറഞ്ഞു. സാമ്രാജ്യത്വ വിരുദ്ധനായ നിക്കോളാസ് മധുറോ ഭരിക്കുന്ന വെനുസ്വേല യുഎസ് ഭരണകൂടത്തിന്റെ കണ്ണിലെ കരടാണ്. വെനുസ്വേലന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പ്രവര്‍ത്തിക്കുന്ന മരിയ മച്ചാഡോക്ക് ഇത്തവണ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത് പോലും ഭാവിയിലെ യുഎസ് അധിനിവേശത്തെ ന്യായീകരിക്കാന്‍ ഉള്ള നീക്കമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
യുഎസ് സര്‍ക്കാര്‍ തീരുമാനം അന്താരാഷ്ട്ര നിയമത്തിന്റെയും യുഎന്‍ ചാര്‍ട്ടറിന്റെയും ലംഘനമാണെന്ന് വെനുസ്വേല പ്രതികരിച്ചു. ''വെനുസ്വേലയിലെ ഭരണമാറ്റമാണ് യുഎസ് ആഗ്രഹിക്കുന്നത്. അതുവഴി പെട്രോളിയം അടക്കമുള്ള വിഭവങ്ങള്‍ കൊള്ള ചെയ്യാന്‍ അവര്‍ ആഗ്രഹിക്കുന്നു.''-നിക്കോളാസ് മധുറോ പ്രസ്താവനയില്‍ പറഞ്ഞു. ലോകത്തില്‍ ഏറ്റവും അധികം എണ്ണ ശേഖരമുള്ള രാജ്യമാണ് വെനുസ്വേല. 303 ബില്യണ്‍ ബാരലാണ് വെനുസ്വേലയുടെ എണ്ണ ശേഖരമെന്ന് കണക്കാക്കപ്പെടുന്നു. സൗദി അറേബ്യയുടെത് 267 ബില്യണ്‍ ബാരലാണ്. 209 ബില്യണ്‍ ബാരലുമായി ഇറാനാണ് മൂന്നാം സ്ഥാനത്ത്. ചൈനയുമായും റഷ്യയുമായും ഇറാനുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് വെനുസ്വേല.
