നയതന്ത്ര ചര്‍ച്ചക്കിടെ സാമൂഹിക മാധ്യമ 'യുദ്ധം'; ഇറാന്‍ വലിയ പരാജയമെന്ന് ട്രംപ്
പാകിസ്താന്റെ മധ്യസ്ഥയില്‍ ഇറാന്‍-യുഎസ് ഉന്നതതല സംഘം നയതന്ത്ര ചര്‍ച്ചകള്‍ തുടരുന്നതിനിടെ സാമൂഹിക മാധ്യമങ്ങളില്‍ 'പോര്' തുടര്‍ന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇറാന്‍ 'വലിയ പരാജയ'മാണെന്ന് ട്രംപ് പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അവകാശപ്പെടുന്നു.
അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ഉള്‍പ്പെടെയുള്ള ഉന്നത സംഘം ഇറാനുമായി സമാധാന ചര്‍ച്ചകള്‍ക്കായി പാകിസ്താനില്‍ എത്തിയിരിക്കെ ട്രംപിന്റെ പ്രസ്താവനകള്‍ ചര്‍ച്ചകളെ സ്വാധീനിക്കും.
നയതന്ത്ര ചര്‍ച്ചകളില്‍ ഇറാന്‍ മേല്‍ക്കൈ നേടിയതായുള്ള മാധ്യമ റിപോര്‍ട്ടുകളാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇറാന്‍ സമ്പൂര്‍ണ പരാജയമാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞു.
'വാസ്തവത്തില്‍, അവര്‍ തോല്‍ക്കുകയാണെന്നും വലിയ പരാജയമാണെന്നും എല്ലാവര്‍ക്കും അറിയാം!' ഇറാന് ഇനി നാവികസേനയോ വ്യോമസേനയോ വിമാനവിരുദ്ധ ഉപകരണമോ ഇല്ലെന്നും ട്രംപ് അവകാശപ്പെട്ടു.
'ഏറ്റവും പ്രധാനമായി, അവരുടെ ദീര്‍ഘകാല 'നേതാക്കള്‍' ഇപ്പോള്‍ നമ്മോടൊപ്പമില്ല, അല്ലാഹുവിന് സ്തുതി!, ട്രംപ് ഇറാനെ പരിഹസിച്ചു കൊണ്ട് പോസ്റ്റ് ചെയ്തു.
അഞ്ച് മണിക്കൂറോളം വൈകിയാരംഭിച്ച ചര്‍ച്ചയെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വീണ്ടും ഭീഷണിയുമായി ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ചര്‍ച്ച തുടരുകയാണെന്നും എന്നാല്‍ എന്താണ് സംഭവിക്കുകയെന്ന് അറിയില്ലെന്നും പറഞ്ഞ യുഎസ് പ്രസിഡന്റ്, ഈ ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാന് മേല്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തില്‍ ആക്രമണം നടത്തുമെന്നും പറഞ്ഞു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് ആണ് ഇസ് ലാമാബാദില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയത്. ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം സംസാരിക്കുന്നുണ്ട്.
ഇറാനെ തകര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അധികം വൈകാതെ ഇറാന്റെ ഭാവി എന്താണെന്ന് താന്‍ പറയാം. ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറക്കുമെന്നും, സമാന്തരമായി മറ്റ് എണ്ണപ്പാതകള്‍ കൂടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ സഹകരണത്തോടെയോ അല്ലാതെയോ ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തന്നെ എണ്ണക്കടത്തിനായി തുറന്നു കൊടുക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാന്റെ ഊര്‍ജ്ജ നിലയങ്ങളും പാലങ്ങളും തകര്‍ക്കാനുള്ള പദ്ധതികള്‍ യുഎസ് തയ്യാറാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം അമേരിക്ക തങ്ങളുടെ വാഗ്ദാനങ്ങള്‍ ലംഘിക്കാതിരുന്നാല്‍ മാത്രമേ ചര്‍ച്ചകള്‍ കൊണ്ട് ഗുണമുണ്ടാകൂ എന്നാണ് ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് പറഞ്ഞത്. ലബ്‌നനെതിരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന നിബന്ധനയും ഇറാന്‍ മുന്നോട്ടുവെക്കുന്നുണ്ട്.

