'' ട്രംപ് വെനുസ്വേലന്‍ പ്രസിഡന്റിനെ പിടികൂടി, യുഎസില്‍ എവിടെയാണ് നടപടിക്രമങ്ങള്‍ ? എസ്ഐആര്‍ കേസില്‍ യുഎസ് വിധികളെ ആശ്രയിക്കരുത്'' തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍

Update: 2026-01-22 14:31 GMT

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട കേസുകളില്‍ യുഎസ് കോടതികളിലെ വിധികള്‍ ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വിവിധ സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ നടപ്പാക്കുന്നതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കുമ്പോളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിചിത്രമായ വാദങ്ങള്‍ ഉന്നയിച്ചത്. '' ഹരജിക്കാര്‍ യുഎസ് കോടതികളിലെ വിധികള്‍ ഇവിടെ ഉദ്ധരിക്കുന്നു. യുഎസില്‍ എവിടെയാണ് നടപടിക്രമങ്ങളുള്ളത്. പ്രസിഡന്റ് ട്രംപ് വെനുസ്വേലയുടെ പ്രസിഡന്റിനെ വിചാരണയില്ലാതെ പിടിച്ചു. ഇപ്പോള്‍ അയാള്‍ക്ക് ഗ്രീന്‍ലാന്‍ഡും വേണം. ഇതാണോ ഹരജിക്കാര്‍ ഇവിടെ കൊണ്ടുവരാന്‍ നോക്കുന്നത്.''-തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാകേഷ് ദ്വിവേദി ചോദിച്ചു. കേസില്‍ നാളെയും വാദം തുടരും.